local body election 2025
കന്നി വോട്ടർമാർ അറിയേണ്ടത്
ആകെ മൂന്ന് വോട്ടുകളാണുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂനിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
മലപ്പുറം | തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ കന്നി വോട്ടർമാരും ജനാധിപത്യപ്രക്രിയയുടെ ഭാഗമാകുകയാണ്. വോട്ടെടുപ്പ് എങ്ങനെയെന്നും പോളിംഗ് സ്റ്റേഷനിൽ എന്തൊക്കെ ഘട്ടങ്ങളുണ്ടെന്നും ഓരോ സമ്മതിദായകനും അറിഞ്ഞിരിക്കണം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ടറും ഒരു വോട്ട് വീതം രേഖപ്പെടുത്തണം.
ആകെ മൂന്ന് വോട്ടുകളാണുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂനിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
• വോട്ട് ചെയ്താൽ ബീപ് ശബ്ദം കേൾക്കാം
വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്തുമ്പോൾ ചെറിയ ബീപ് ശബ്ദം കേൾക്കാം, ബട്ടണിന് നേരെയുള്ള ഇൻഡിക്കേറ്റർ ലൈറ്റ് പ്രകാശിക്കുകയും വോട്ട് ചെയ്ത സ്ഥാനാർഥിക്ക് അനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്തിന് വെള്ള നിറവും ബ്ലോക്ക് പഞ്ചായത്തിന്റെ ബാലറ്റ് ലേബലിന് പിങ്ക് നിറവും ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് ലേബലിന് ആകാശനീല നിറവുമായിരിക്കും. മൂന്ന് നിരകളിലേക്കും വോട്ടെടുപ്പ് ശരിയായ രീതിയിൽ പൂർത്തിയാകുമ്പോൾ പ്രക്രിയ പൂർത്തിയായി എന്നറിയിച്ച് ഒരു നീണ്ട ബീപ് ശബ്ദം കേൾക്കാം.
• എൻഡ് ബട്ടൺ ശ്രദ്ധിക്കണം
വോട്ടർ ഒന്നോ രണ്ടോ ലെവലുകളിലേക്ക് വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവസാനത്തെ ബാലറ്റ് യൂനിറ്റിലെ ചുവപ്പ് നിറത്തിലുള്ള എൻഡ് ബട്ടൺ അമർത്തി വോട്ടിംഗ് പ്രക്രിയ പൂർത്തിയാക്കണം. എൻഡ് ബട്ടൺ അമർത്തുമ്പോൾ പ്രക്രിയ പൂർത്തിയായതിന്റെ നീണ്ട ബീപ്പ് ശബ്ദം കേൾക്കും. ഒന്നോ രണ്ടോ ലെവലുകൾ ഒഴിവാക്കിയാണ് വോട്ട് ചെയ്യുന്നതെങ്കിൽ മാത്രമേ എൻഡ് ബട്ടൺ ഉപയോഗിക്കാവൂ. മൂന്ന് തലങ്ങളിലേക്കും വോട്ടെടുപ്പ് പൂർത്തിയായിട്ടുണ്ടെങ്കിൽ ഇതിന്റെ ആവശ്യമില്ല. ഒരിക്കൽ എൻഡ് ബട്ടൺ അമർത്തിയാൽ അയാൾക്ക് പിന്നീട് ഒരു ലെവലിലേക്കും വോട്ട് ചെയ്യാൻ കഴിയില്ല. രണ്ട് ബട്ടണുകൾ ഒരേസമയം അമർത്തിയാൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തപ്പെടൂ. അതുപോലെ ഒരു ബട്ടൺ ഒന്നിലധികം തവണ അമർത്തിയാൽ പോലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ.
• വോട്ട് രഹസ്യമാണ്
വോട്ടെടുപ്പിന്റെ രഹസ്യം കാത്തുസൂക്ഷിക്കാൻ വോട്ടർ ബാധ്യസ്ഥനാണ്. വോട്ടിംഗ് നടപടിക്രമത്തെക്കുറിച്ച് ഒരു വോട്ടർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ സംശയം തോന്നുകയോ ചെയ്താൽ സഹായിക്കാൻ ബാധ്യസ്ഥരായ പോളിംഗ് ഉദ്യോഗസ്ഥരുമായി അക്കാര്യം പങ്കുവെക്കണം. വോട്ടെടുപ്പ് പൂർത്തിയായാല്‍ അടുത്തയാള്‍ക്ക് വോട്ട് ചെയ്യുന്നതിനായി കമ്പാർട്ട്മെന്റിൽ നിന്ന് മാറിനിൽക്കണം.



