Connect with us

Athmeeyam

വിശുദ്ധിയുടെ വഴികൾ

ആഹ്ലാദകരവും സൗന്ദര്യാത്മകവുമായ ചിന്തകളും ഭാവനകളും മനോവ്യാപാരങ്ങളും ശരീരത്തിന് ആരോഗ്യവും നിത്യയൗവനവും നൽകുകയും വഴിവിട്ടതും നിയമവിരുദ്ധവുമായ ചിന്തകളും പ്രവൃത്തികളും ശരീരത്തെ രോഗഗ്രസ്തമാക്കുകയും ജീർണിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ചിന്തകളാണ് ആരോഗ്യത്തിന്റെ ആധാരം. മലിനമായ ചിന്തകൾ നാഡീവ്യൂഹത്തെ തളർത്തുകയും അതിന്റെ പ്രതിഫലനങ്ങൾ ശരീരത്തിൽ പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യും.

Published

|

Last Updated

ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയാണ് വിശ്വാസത്തിന്റെ അടിത്തറ. മനുഷ്യനെ സ്രഷ്ടാവ് പടച്ചപ്പോള്‍ തന്നെ അവന്‍ നിർവഹിക്കേണ്ട ദൗത്യത്തെ കുറിച്ചും അവന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഉടയതമ്പുരാൻ ഉദാരനും പരിശുദ്ധനുമാണ്. ഖുർആനിൽ ധാരാളം ഇടങ്ങളിൽ ഇത് കാണാവുന്നതാണ്. എന്നപോലെ അല്ലാഹുവിന്റെ അടിമയും ഉദാരനും ഉൽകൃഷ്ടനും വിശുദ്ധിയുള്ളവനുമാകണമെന്നതാണ്‌ അവന്റെ താത്പര്യം. പക്ഷേ, വിശുദ്ധിയുടെ വഴികൾ വേണ്ടത്ര വിരചിതമല്ലാത്തതുകൊണ്ടും സ്രഷ്ടാവ് കൂടെയുണ്ട്‌ എന്ന ബോധമില്ലാത്തതുകൊണ്ടും പിശാചിന്റെ പ്രലോഭനങ്ങളിൽ വശംവദരാകുന്നത് കൊണ്ടും പലപ്പോഴും അവൻ പിഴച്ചുപോകുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നു.

വിശുദ്ധി വരുത്തുന്നതിന് അറബിയിൽ “തസ്കിയത്’ എന്നാണ് പറയുന്നത്. പ്രവാചകന്മാരുടെ നിയോഗത്തിന്റെ പ്രധാന ലക്ഷ്യമായി പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് ജനങ്ങളുടെ ശുദ്ധീകരണമാണ്. അല്ലാഹു പറയുന്നു: “നിരക്ഷരർക്കിടയില്‍, തന്റെ സൂക്തങ്ങൾ ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. (ജുമുഅ: 2)
വിശുദ്ധി ആരോഗ്യം പോലെയും പാപം രോഗം പോലെയുമാണ്. ശരീരത്തിന് ആരോഗ്യം അനിവാര്യമായപോലെ ആത്മാവിനും ആരോഗ്യം വേണം. ജീവിതം സംശുദ്ധമാകുമ്പോൾ ആത്മാവ് വിശുദ്ധമാകുന്നു. ആത്മാവിന്റെ വിശുദ്ധിയാണ് അതിന്റെ ആരോഗ്യം.
ശരീരത്തെ അസ്വസ്ഥതപ്പെടുത്തുന്നതും ദുർബലപ്പെടുത്തുന്നതുമായ എല്ലാവിധ രോഗങ്ങളിൽ നിന്നും പൂർണ മുക്തി നേടുകയെന്നത് ഏതൊരു മനുഷ്യന്റെയും ഉൽക്കടമായ ആഗ്രഹമാണ്. അതെസമയം ആത്മാവിനെ അശുദ്ധമാക്കുന്ന കോപം, അസൂയ, പിശുക്ക്, ഭൗതിക പ്രമത്തത, അഹങ്കാരം, ലോകമാന്യം, ദുർനടപ്പ്, പ്രകടനാത്മകതa തുടങ്ങിയ രോഗങ്ങളിൽ നിന്നുമുള്ള മോചനം പലപ്പോഴും വിസ്മരിക്കപ്പെട്ട് പോകാറുണ്ട്. മനുഷ്യന്റെ ചിന്തകൾ, വിചാരങ്ങൾ, വികാരങ്ങൾ, ആലോചനകൾ, തീരുമാനങ്ങൾ, വിശ്വാസം, സ്വഭാവം തുടങ്ങിയവയെല്ലാം കേന്ദ്രീകരിക്കുന്നത് ഹൃദയത്തിലാണ്. അതായത് ഹൃദയം പ്രതിനിധാനം ചെയ്യുന്ന മനസ്സിലാണ്. മനസ്സും ആത്മാവും തമ്മിൽ അഭേദ്യമായ ബന്ധമുള്ളതിനാൽ ശാരീരിക വിശുദ്ധിയേക്കാൾ പ്രാമുഖ്യം നൽകേണ്ടത് ആത്മ സംസ്കരണത്തിനാണ്.

ആഹ്ലാദകരവും സൗന്ദര്യാത്മകവുമായ ചിന്തകളും ഭാവനകളും മനോവ്യാപാരങ്ങളും ശരീരത്തിന് ആരോഗ്യവും നിത്യയൗവനവും നൽകുകയും വഴിവിട്ടതും നിയമവിരുദ്ധവുമായ ചിന്തകളും പ്രവൃത്തികളും ശരീരത്തെ രോഗഗ്രസ്തമാക്കുകയും ജീർണിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ചിന്തകളാണ് ആരോഗ്യത്തിന്റെ ആധാരം. മലിനമായ ചിന്തകൾ നാഡീവ്യൂഹത്തെ തളർത്തുകയും അതിന്റെ പ്രതിഫലനങ്ങൾ ശരീരത്തിൽ പ്രകടമായിക്കൊണ്ടിരിക്കുകയും ചെയ്യും.

ശാരീരിക രോഗങ്ങൾക്കുള്ള ചികിത്സക്കാണ് മനുഷ്യൻ കൂടുതൽ പ്രാധാന്യം നൽകുന്നത്. അതിനുള്ള സംവിധാനങ്ങൾ നാടുനീളെ നിർമിക്കുകയും ചെയ്യുന്നു. എന്നാൽ, ശരിയായ ചികിത്സ വേണ്ടത് മനസ്സിനാണ്. ഇമാം ഗസ്സാലി(റ) പറയുന്നത് കാണുക: ആധുനിക വൈദ്യന്മാർ ശരീരത്തെ ചികിത്സിക്കുന്നതിന്റെ നിയമങ്ങൾ നിർണയിക്കാൻ കഠിന പ്രയത്‌നം നടത്തുന്നു. എന്നാൽ, ശരീരത്തിന്റെ രോഗങ്ങൾ നശ്വരമായ ജീവിതത്തിനേ നഷ്ടമുണ്ടാക്കുകയുള്ളൂ. ഹൃദയരോഗങ്ങളെയും അതിന്റെ ചികിത്സകളെയും പഠിക്കുന്നതിനാണ് മുന്തിയ പരിഗണന നൽകേണ്ടത്. കാരണം, ആത്മാവിന് സംഭവിക്കുന്ന രോഗങ്ങൾ ശാശ്വത നാശമാണുണ്ടാക്കുന്നത്.
ജീവശാസ്ത്രപ്രകാരം മനുഷ്യ ശരീരത്തിലെ ചെറിയൊരു അവയവം മാത്രമാണ് ഹൃദയം. സുമാർ 300 ഗ്രാം മാത്രം തൂക്കം വരുന്ന ഈ അത്ഭുത യന്ത്രമാണ് ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്നത്. അത് ശരീരത്തിലെ രാജാവാണ്. അവിടെയാണ് തഖ്്വയുടെ പ്രഭവ കേന്ദ്രം. അതിന് വ്യത്യസ്ത അവസ്ഥകളും ഭാവങ്ങളുമുണ്ട്. കാറ്റുമൂലം മരുഭൂമിയിൽ ആടി ഉലയുന്ന ഒരു തൂവലിനോടാണ് ഹൃദയത്തെ തിരുനബി (സ) ഉപമിച്ചത്. (ഇബ്നുമാജ) ശരിയായ നിയന്ത്രണങ്ങളില്ലെങ്കിൽ നടുക്കടലിൽ കുടുങ്ങിയ ഉരുവിനെ പോലെ അത് മാറിമറിഞ്ഞ് കൊണ്ടിരിക്കുമെന്നർഥം.

പാരത്രിക വിജയത്തിന്റെ അടിസ്ഥാനം ഹൃദയവിശുദ്ധിയാണ്. ആകയാൽ ഹൃദയത്തെ സംസ്‌കരിച്ച് സംശുദ്ധീകരിക്കുന്നതിനുള്ള കൃത്യമായ കർമ പദ്ധതികളും പ്രായോഗിക മാർഗങ്ങളും രൂപപ്പെടുത്തിയെടുക്കേണ്ടത് ഓരോ വിശ്വാസിക്കും ബാധ്യതയാണ്. തിരുനബി(സ) പറയുന്നു: “അറിയണം ! നിശ്ചയം ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്, അത് നന്നായാൽ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുക്കെ നശിക്കുകയും ചെയ്തു. അറിയണം, അതാണ് ഹൃദയം’. (ബുഖാരി). ഖുർആൻ പറയുന്നു : “ആത്മാവിനെ സംസ്‌കരിച്ചവൻ വിജയിച്ചു. ആത്മാവിനെ കറ പുരട്ടിയവൻ നഷ്ടത്തിലാവുകയും ചെയ്തു’. (അശ്ശംസ് : 9, 10)
വിശുദ്ധിയിലേക്കുള്ള വഴികളെ വിശുദ്ധ ഖുർആൻ സവിസ്തരം വിശദീകരിക്കുന്നുണ്ട്. “(നബിയേ) പറയുക : വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നൽകുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്’ (അൽ അൻആം: 151)

വ്രതാനുഷ്ഠാനം, മരണചിന്ത, ഖബർ സിയാറത്ത്, രോഗീ സന്ദർശനം, പശ്ചാത്താപം, രാത്രി നിസ്കാരം, ഖുർആൻ പാരായണം തുടങ്ങിയവയെല്ലാം ആത്മ സംസ്കരണത്തിനുള്ള ഒന്നാന്തരം ചികിത്സകളാണ്. ജീവിതത്തിന് അടുക്കും ചിട്ടയും നൽകി ആത്മവിശുദ്ധി വരുത്തുന്നതിന് സ്രഷ്ടാവ് കനിഞ്ഞേകിയ വിശുദ്ധ റമസാനിലെ അവസാന പത്തിലെ അനർഘനിമിഷങ്ങളെ ആത്മ വിശുദ്ധി വരുത്തുന്നതിനുവേണ്ടി കരുതലോടെ കൈകാര്യം ചെയ്യണം. ആയിരം മാസങ്ങളേക്കാൾ അനുഗൃഹീതമായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന വിശുദ്ധ രാവുകളെ ധന്യമാക്കണം. സകാത്ത് നൽകിയും സഹജീവികളെ സഹായിച്ചും ആത്മ നിർവൃതിയടയണം. ആകുലപ്പെടുത്തുന്ന ആവലാതികള്‍ അല്ലാഹുവിന്റെ മുമ്പിൽ അവതരിപ്പിച്ച് പാപമോചനവും നരകമോചനവും നേടിയെടുക്കണം. അങ്ങനെ നോമ്പിന്റെ അടിസ്ഥാന തത്വമായ ഹൃദയശുദ്ധിയിലൂടെ മാനവ ശുദ്ധി സാധ്യമാക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ !

Latest