Connect with us

Uae

ഗോൾഡൻ വിസക്കാർക്ക് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് യു എ ഇ

വിദേശത്ത് മരണമടഞ്ഞ ഗോൾഡൻ വിസ ഉടമകളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതും രാജ്യത്ത് സംസ്‌കരിക്കുന്നതും ഈ സേവനത്തിൽ ഉൾപ്പെടുന്നു.

Published

|

Last Updated

ദുബൈ | യു എ ഇ ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തി യു എ ഇ. അവരവരുടെ രാജ്യത്തും വിദേശ രാജ്യങ്ങളിലുമുള്ള യു എ ഇ നയതന്ത്ര കാര്യാലയങ്ങളിൽ പ്രത്യേക കോൺസുലാർ സേവനം ലഭ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഇവർക്ക് സഹായം ലഭ്യമാക്കുന്നതിനാണ് ഇത്.

ദുരന്തങ്ങളിലും പ്രതിസന്ധികളിലും ഇവരെ അടിയന്തര, കുടിയൊഴിപ്പിക്കൽ പദ്ധതികളിൽ ഉൾപ്പെടുത്തും. അത്തരം സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ പരിചരണവും പിന്തുണയും നൽകും.
ഈ പ്രവാസികൾക്കായി ഒരു പ്രത്യേക ഹോട്ലൈൻ ഇപ്പോൾ സജ്ജീകരിച്ചിട്ടുണ്ട്. (+971 24931133) എന്ന യു എ ഇ മന്ത്രാലയ കോൾ സെന്ററുമായി അവർക്ക് നേരിട്ട് ബന്ധപ്പെടാം. ഈ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും.

വിദേശത്ത് മരണമടഞ്ഞ ഗോൾഡൻ വിസ ഉടമകളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതും രാജ്യത്ത് സംസ്‌കരിക്കുന്നതും ഈ സേവനത്തിൽ ഉൾപ്പെടുന്നു. ഈ സമയത്ത് പിന്തുണ നൽകി എല്ലാ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ ഇത് കുടുംബങ്ങളെ സഹായിക്കും. ഇവർ വിദേശത്തായിരിക്കുമ്പോൾ അവരുടെ പാസ്പോർട്ടുകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, ഇലക്ട്രോണിക് റിട്ടേൺ ഡോക്യുമെന്റ്നൽകും. യു എ ഇ യിലേക്ക് മടങ്ങാൻ ഇത് മതിയാവും. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി ഇത് പ്രയോജനപ്പെടുത്താം.

2019-ൽ അവതരിപ്പിച്ച ഗോൾഡൻ വിസ, യു എ ഇയിലെ ഒരു ദീർഘകാല താമസ വിസയാണ്. സ്‌പോൺസറോ തൊഴിലുടമയോ ഇല്ലാതെ വിസ ഉടമകൾക്ക് യു എ ഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐ സി പി), ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എന്നിവരുമായി ബന്ധപ്പെട്ട് ഗോൾഡൻ വിസക്ക് അപേക്ഷിക്കാം.

 

---- facebook comment plugin here -----

Latest