International
യു എസ് ദേശീയ പ്രതിരോധ വിവരങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചു; ഇന്ത്യന്‍ വംശജനും പ്രതിരോധതന്ത്രജ്ഞനുമായ ആഷ്ലി ജെ ടെല്ലിസ് അറസ്റ്റില്‍
കുറ്റം തെളിയിക്കപ്പെട്ടാല്‍, ടെല്ലിസിന് 10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും വസ്തുവകകള്‍ കണ്ടുകെട്ടലും നേരിടേണ്ടിവരും

വാഷിംഗ്ടണ്‍ | ദേശീയ പ്രതിരോധ വിവരങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിച്ച കുറ്റത്തിന് ഇന്ത്യന്‍ വംശജനും യു എസ് പ്രതിരോധതന്ത്രജ്ഞനുമായ ആഷ്ലി ജെ ടെല്ലിസിനെ അറസ്റ്റ് ചെയ്തു. ദേശീയ പ്രതിരോധ വിവരങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വെര്‍ജീനിയയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
കാര്‍ണഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ ടാറ്റ ചെയര്‍ ഫോര്‍ സ്ട്രാറ്റജിക് അഫയേഴ്സും സീനിയര്‍ ഫെലോയുമായ 64 കാരനായ ടെല്ലിസിനെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്തതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ അനധികൃതമായി കൈവശം വയ്ക്കുന്നതോ സൂക്ഷിക്കുന്നതും നിരോധിക്കുന്ന നിയമം ചുമത്തിയാണ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തയിത്.
ടെല്ലിസ് രഹസ്യ രേഖകള്‍ നീക്കം ചെയ്തതായും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും ഉള്ള ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കുറ്റം തെളിയിക്കപ്പെട്ടാല്‍, ടെല്ലിസിന് 10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും വസ്തുവകകള്‍ കണ്ടുകെട്ടലും നേരിടേണ്ടിവരും. അതേ സമയം പരാതി ഒരു കുറ്റപത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ ടെല്ലിസ് നിരപരാധിയായി കണക്കാക്കപ്പെടുമെന്നും സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞു
അക്കാദമിക്, നയരൂപീകരണ വിദഗ്ദ്ധനായ ടെല്ലിസ് ദക്ഷിണേഷ്യന്‍ സുരക്ഷയിലും യുഎസ്-ഇന്ത്യ ബന്ധങ്ങളിലും യുഎസിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. യുഎസ് സര്‍ക്കാറിന് കീഴില്‍ നിരവധി ഉന്നത സ്ഥാനങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട. രാഷ്ട്രീയ കാര്യ അണ്ടര്‍ സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യുഎസ്-ഇന്ത്യ സിവില്‍ ആണവ കരാര്‍ ചര്‍ച്ചയിലും സുപ്രധാന പങ്ക് വഹിച്ചു.