Ongoing News
വയനാട് ദുരന്തം; അനാഥരായ എല്ലാ കുട്ടികളേയും ഏറ്റെടുക്കാന്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്
നിയമപരമായ അനുവാദത്തിനായി കേരള സര്‍ക്കാരുമായും, വയനാട് ജില്ലാ ഭരണകൂടവുമായും അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്
അബുദബി | വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട് അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളര്‍ത്തുവാനും സന്നദ്ധത പ്രകടിപ്പിച്ച് അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്. വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പട്ട കുട്ടികളെ ഏറ്റെടുത്ത് എല്ലാവിധ സൗകര്യങ്ങളോടുകൂടി വളര്‍ത്തുവാനും, അവര്‍ക്കു വേണ്ട വിദ്യാഭ്യാസം അവര്‍ ആഗ്രഹിക്കുന്ന തലം വരെ നല്‍കുവാനും അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു.
അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ പാലക്കാട് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്ന അഹല്യ ചില്‍ഡ്രന്‍സ് വില്ലേജിലേക്കാണ് കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള നിയമപരമായ അനുവാദത്തിനായി കേരള സര്‍ക്കാരുമായും, വയനാട് ജില്ലാ ഭരണകൂടവുമായും അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അഹല്യ ചില്‍ഡ്രന്‍സ് വില്ലേജുമായി ബന്ധപ്പെടുവാനുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു ശരത് എം.എസ് : +91 9544000122