Connect with us

editorial

മാലിന്യ സംസ്‌കരണ പദ്ധതികളും ജനകീയ പ്രതിരോധവും

സമൂഹത്തിന്റെ താത്പര്യങ്ങളും പരിസ്ഥിതിയും പരിഗണിച്ചു വേണം മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനും. പരിസരവാസികളില്‍ സൃഷ്ടിക്കുന്ന ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമായിരിക്കണം അമ്പായത്തോട് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടത്.

Published

|

Last Updated

മാലിന്യ സംസ്‌കരണ പദ്ധതികളില്‍ പരിസരവാസികളുടെ താത്പര്യം മാനിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് താമരശ്ശേരി അമ്പായത്തോട് ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷം. പലപ്പോഴും പ്രദേശത്തുകാരുടെ ജീവിത പരിസരത്തെ മാനിക്കാതെയാണ് ഇത്തരം പ്ലാന്റുകള്‍ക്ക് രൂപകല്‍പ്പന നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. നാട്ടുകാരില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നാല്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന്റെ ബലത്തില്‍ അത് മറികടക്കാന്‍ ശ്രമിക്കും പ്ലാന്റ്നടത്തിപ്പുകാര്‍. അതോടെ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. അതാണ് അമ്പായത്തോട് സംഭവിച്ചത്. സമരം അക്രമാസക്തമാകുകയും നിരവിധി പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. ഫാക്ടറിക്കും അറവുമാലിന്യവുമായി എത്തിയ വാഹനങ്ങള്‍ക്കും തീയിടുകയും ചെയ്തു സമരക്കാര്‍.

സമീപ പ്രദേശങ്ങളില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം കടുത്ത മാലിന്യപ്രശ്‌നം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, അതിന് പരിഹാരമാവശ്യപ്പെട്ട് അഞ്ച് വര്‍ഷമായി സമരത്തിലാണ് നാട്ടുകാര്‍. പ്ലാന്റില്‍ നിന്നുയരുന്ന ദുര്‍ഗന്ധം കാരണം പ്രദേശത്തെ നാലായിരം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും തൊട്ടടുത്ത ഇരുതുള്ളിപ്പുഴയിലെ ജലം മലിനമായെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. അനുവദനീയമായതില്‍ കൂടുതല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതാണ് പരിസര മലിനീകരണത്തിന് കാരണമത്രെ. ദിനംപ്രതി 20 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ 200 ടണ്‍ വരെ സംസ്‌കരിക്കുന്നതായി പറയപ്പെടുന്നു.
സമരം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ ഒരു മാസത്തോളം പ്ലാന്റ് അടിച്ചിട്ടിരുന്നു. പരിസരമലിനീകരണ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിലാണ് വീണ്ടും തുറന്നു പ്രവര്‍ത്തിച്ചത്.

നാട്ടുകാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കട്ടിപ്പാറ പഞ്ചായത്ത് പ്ലാന്റിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ വിസമ്മതിച്ചു. ജില്ലാതല ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്റിംഗ് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. കോടതിയില്‍ നിന്ന് പോലീസ് സംരക്ഷണ ഉത്തരവും നേടിയിട്ടുണ്ട് പ്ലാന്റ് അധികൃതര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ സമരം നയിക്കുന്ന നേതാക്കളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതാണ് നാട്ടുകാരെ ക്ഷുഭിതരാക്കിയത്. അതോടെ സമരക്കാര്‍ പ്ലാന്റിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞു. വൈകുന്നേരം നാല് വരെ സമാധാനപരമായിരുന്നു സമരം. വൈകിട്ട് പോലീസ് ഇടപെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പിടിച്ചുമാറ്റി വാഹനങ്ങള്‍ പ്ലാന്റിലേക്ക് കടത്തിവിടാന്‍ ശ്രമിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തതോടെയാണ് അക്രമാസക്തമായതും വാഹനങ്ങള്‍ക്ക് സമരക്കാര്‍ തീയിട്ടതും. പോലീസിന്റെ ബലപ്രയോഗമാണ് സ്ഥിതി സംഘര്‍ഷഭരിതമാക്കിയത്.

ജനങ്ങളുടെ ന്യായമായ ആവശ്യത്തിനു നേരെ അധികൃതര്‍ മുഖം തിരിക്കുമ്പോള്‍ പ്രതിഷേധം സ്വാഭാവികമാണ്. ഭരണഘടനാ അവകാശവുമാണ് സമരം. അതുപക്ഷേ നിയമത്തിന്റെ പരിധിയില്‍ ഒതുങ്ങിയായിരിക്കണം. നിയമം കൈയിലെടുത്തു കൊണ്ടുള്ള സമരത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. സമരത്തിനു പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ആരോപിക്കാനും സമരത്തോടുള്ള അനുഭാവം നഷ്ടമാകാനും അതിടയാക്കും. അമ്പായത്തോട് സമരം അക്രമാസക്തമായതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരുടെ കൈകടത്തലുണ്ടെന്ന പോലീസ് ഭാഷ്യം ഉയരാന്‍ ഇടയാക്കിയത് സമരം നിയന്ത്രിക്കുന്നതില്‍ നേതൃത്വത്തിന് സംഭവിച്ച പിഴവാണ്. അണികളുടെ വികാരം അവിവേകത്തിന് വഴിമാറാതെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സമരം നയിക്കുന്നവര്‍ക്കുണ്ട്.

മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളപ്പില്‍ശാല, കൊല്ലം മുളയിറച്ചാല്‍, എറണാകുളം ബ്രഹ്മപുരം, കാസര്‍കോട് പള്ളിക്കര, ആലപ്പുഴ സര്‍വോദയപുരം, കണ്ണൂര്‍ പുഞ്ചക്കടവ്, പാലക്കാട് യാക്കര, ഇടുക്കി ചിന്നക്കലാല്‍ തുടങ്ങി സംസ്ഥാനത്തെ പല പ്രദേശങ്ങളിലും പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. കോടികള്‍ ചെലവിട്ടു നിര്‍മിച്ച പല മാലിന്യ സംസ്‌കരണ-നിര്‍മാര്‍ജന പ്ലാന്റുകളും അടഞ്ഞു കിടക്കുകയുമാണ്. ജനങ്ങളുടെ എതിര്‍പ്പും പ്രക്ഷോഭവുമാണ് കാരണം. കമ്പനി മാനേജ്‌മെന്റിന്റെ സാമ്പത്തിക താത്പര്യവും നാട്ടുകാരുടെ ജീവിതപ്രശ്‌നവും ഏറ്റുമുട്ടുന്നിടത്ത് ജനതാത്പര്യങ്ങള്‍ക്കാണ് ബന്ധപ്പെട്ടവര്‍ മുന്‍തൂക്കം നല്‍കേണ്ടത്. അതില്ലാതെ വരുമ്പോഴാണ് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നത്.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ ജനസാന്ദ്രമാണ് കേരളം. ഭൂപ്രകൃതി, ആവാസ വ്യവസ്ഥ തുടങ്ങിയവയും വ്യത്യസ്തമാണ്. കാലാവസ്ഥയിലും സാരമായ മാറ്റങ്ങള്‍ സംഭവിച്ചു. ഏതുസമയവും മഴ പെയ്യാവുന്ന സ്ഥിതിയാണ് നിലവില്‍. ചെറിയൊരു മഴ വന്നാല്‍ പ്ലാന്റുകളില്‍ കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തില്‍ നിന്ന് മലിനജലം ഒലിച്ചിറങ്ങുകയും പരിസരവാസികളുടെ ജീവിതം ദുസ്സഹമാകുകയും ചെയ്യും. ഇതു പരിഗണിച്ച് വേണം പ്ലാന്റുകള്‍ പണിയാനും പ്രവര്‍ത്തിപ്പിക്കാനും. വിജന പ്രദേശങ്ങളിലാണ് മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടതെങ്കിലും ജനവാസമുള്ള സ്ഥലങ്ങളിലാണ് പലതും പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, മാലിന്യനിര്‍മാര്‍ജന പദ്ധതികളെ മറയാക്കി മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് പ്രവര്‍ത്തനം. സമരം ശക്തമാകുമ്പോള്‍ അധികൃതര്‍ ഇടപെട്ട് ചില ഉപാധികള്‍ വെച്ച് നാട്ടുകാരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കും. ഇത് ലംഘിക്കപ്പെടുകയും മാലിന്യ പ്രശ്‌നം അസഹ്യമാകുകയും ചെയ്യുമ്പോഴാണ് ജനങ്ങള്‍ നിയമലംഘന സമരങ്ങളിലേക്ക് നീങ്ങുന്നത്.

കേവല സാങ്കേതിക പ്രവര്‍ത്തനമല്ല മാലിന്യ സംസ്‌കരണം. സാമൂഹിക, സാംസ്‌കാരിക ചട്ടക്കൂട് കൂടി അതിനാവശ്യമാണ്. സമൂഹത്തിന്റെ താത്പര്യങ്ങളും പരിസ്ഥിതിയും പരിഗണിച്ചു വേണം മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനും. പരിസരവാസികളില്‍ സൃഷ്ടിക്കുന്ന ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമായിരിക്കണം അമ്പായത്തോട് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടത്.

Latest