Connect with us

Prathivaram

കാലം കാത്തുവെച്ചത്

അയാൾ ഭാര്യയെ സൂക്ഷിച്ചു നോക്കി. ആ മുഖത്ത് കോപമോ സങ്കടമോ പരിഭവമോ ഇല്ലായിരുന്നു. മാഞ്ഞുതുടങ്ങുന്ന സായംസന്ധ്യ കണക്കെ അവർ ശാന്തയായിരുന്നു.

Published

|

Last Updated

അയാൾക്ക് പ്രായമായിത്തുടങ്ങിയിരിക്കുന്നു; അയാളുടെ ഭാര്യക്കും. രണ്ടാൺമക്കളും വിദേശത്താണ്. കഴിഞ്ഞ തവണത്തെ ലീവിന് വന്നപ്പോൾ അവർ അവരുടെ ഭാര്യമാരെയും കുട്ടികളെയും കൂടെ കൊണ്ടുപോയി. മക്കൾക്ക് അവിടുത്തെ സ്‌കൂളിൽ അഡ്‌മിഷൻ ശരിയാക്കിയിട്ടുണ്ടായിരുന്നു. ഭാര്യമാർക്ക് അവിടെത്തന്നെ ജോലിയും തരപ്പെടുത്തിയിരിക്കുന്നു.
ഇപ്പോൾ നാട്ടിലെ വലിയ വീട്ടിൽ അയാളും ഭാര്യയും മാത്രമായിരിക്കുന്നു. അയാൾക്കും ജോലി വിദേശത്തായിരുന്നു. വയസ്സാകുന്നതിൻ്റെ ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ, അഞ്ചുകൊല്ലം മുന്പ് അയാൾ ജോലി മതിയാക്കി നാട്ടിലേക്ക് വന്നു. അന്ന് നാട്ടിൽ മക്കളുടെ ഭാര്യമാരും പേരക്കുട്ടികളും ഉണ്ടായിരുന്നു. ഇപ്പോൾ അവരും കൂടി വിദേശത്തേക്ക് പോയപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ അയാൾക്ക് അനുഭവപ്പെട്ടു.

അൽപ്പം മുമ്പ് മൂത്ത മകൻ വിദേശത്തുനിന്നും വിളിച്ചിരുന്നു.
“നിങ്ങൾ രണ്ടുപേർക്ക് താമസിക്കാൻ എന്തിനാ ഇത്രയും വലിയ വീട് ? അത് നമുക്ക് വിറ്റുകൂടെ…?’
മകൻ്റെ ചോദ്യത്തിനു മുന്നിൽ അയാൾ നിശബ്‌ദനായി. അയാൾ ഫോൺ ഭാര്യയ്ക്ക് കൈമാറി.
ഭാര്യ ഫോണിൽ മറുപടിയായി വെറുതെ മൂളിക്കൊണ്ടിരിക്കുകയായിരുന്നു. അവരുടെ മുഖത്തെ നിസ്സംഗതാ ഭാവം അയാൾക്ക് എളുപ്പം വായിച്ചെടുക്കാൻ പറ്റി.

ഫോൺ ഡിസ്കണക്‌ട് ചെയ്‌തുകൊണ്ട്‌ അവർ അയാളോട് പറഞ്ഞു : “മക്കൾ പറയുന്നതിലും കാര്യമില്ലേ?’
അയാൾ ചോദ്യഭാവത്തിൽ അവരെ നോക്കി.
“വീടും വസ്‌തുവും വിറ്റ് അവർ രണ്ടുപേർക്കും പണം വേണമെന്ന്. എന്തൊക്കെയോ ആവശ്യങ്ങൾ ഉണ്ടത്രേ…’

എന്ത് ആവശ്യം എന്ന് അയാൾ തിരിച്ചു ചോദിച്ചില്ല. വീടും സ്ഥലവും ഇല്ലാതായാൽ എങ്ങോട്ടു പോകും എന്നതായിരുന്നു അയാളുടെ ആശങ്ക. വിദേശത്തുനിന്നും സമ്പാദിച്ച വകയിൽ മിച്ചമായി കുറേയധികം പണം ബേങ്കിലുണ്ട്. ഇനിയുള്ള ശിഷ്‌ടകാലം തനിക്കും ഭാര്യക്കും ജീവിക്കാൻ അതുതന്നെ ധാരാളം. പക്ഷേ, എവിടെ താമസിക്കും ?

വയസ്സായവർക്ക് ഒറ്റയ്ക്ക് താമസിക്കാൻ ഇപ്പോളാരും വീട് വാടകയ്ക്ക് കൊടുക്കാറില്ല എന്ന ചിന്ത അയാൾ ഭാര്യയോട് പങ്കുവെച്ചു.
“എന്നോട് അവരുടെ കൂടെ ചെന്നു നിൽക്കാനാണ് മക്കൾ പറയുന്നത്. എനിക്ക് അവിടെ സിറ്റിസൺഷിപ്പ് എടുത്തുതരാമെന്നാ അവർ പറയുന്നത്.’ ഭാര്യ പറഞ്ഞു
“അപ്പോൾ ഞാൻ ഒറ്റയ്ക്ക്….’ അയാളുടെ സ്വരത്തിന് ഒരു പതർച്ചയുണ്ടായിരുന്നു.
“പക്ഷേ, നിങ്ങളെ ഇവിടെ തനിച്ചാക്കി ഞാനെങ്ങോട്ടും പോകുന്നില്ല…’ ഭാര്യയുടെ വാക്കുകളിൽ വീണ്ടും അതേ നിസ്സംഗത.

അയാൾ ഭാര്യയെ സൂക്ഷിച്ചു നോക്കി. ആ മുഖത്ത് കോപമോ സങ്കടമോ പരിഭവമോ ഇല്ലായിരുന്നു. മാഞ്ഞുതുടങ്ങുന്ന സായംസന്ധ്യ കണക്കെ അവർ ശാന്തയായിരുന്നു.
“കാലം കണക്കു ചോദിക്കാതെ ഒരിക്കലും കടന്നുപോകാറില്ല…’ ആത്മഗതം പോലെ അവർ ഉരുവിട്ട ആ വാക്കുകൾ അയാൾ വ്യക്തമായി കേട്ടു.

അയാളുടെ മനസ്സിൽ അയാൾ ബോധപൂർവം മറന്നുവെന്നു ഭാവിച്ച ചില മുഹൂർത്തങ്ങൾ ഒട്ടും മങ്ങലേൽക്കാതെ തെളിഞ്ഞുവന്നു. ആ തെളിച്ചത്തിൽ അയാൾ അനുഭവിച്ചറിഞ്ഞു വർഷങ്ങൾക്ക് മുന്പ് ഇതേപോലൊരു ഫോൺ സംഭാഷണം അയാളും അയാളുടെ അച്ഛനും തമ്മിൽ നടന്നത്.
അന്ന് അച്ഛനുവേണ്ടി അയാൾ കണ്ടുവെച്ച സ്ഥലത്തേക്ക് അച്ഛൻ പടിയിറങ്ങിപ്പോകുമ്പോഴും അയാളുടെ ഭാര്യയുടെ മുഖത്ത് ഇതേ നിസ്സംഗതാ ഭാവം തന്നെയായിരുന്നു എന്നയാൾ ഒരു ഞെട്ടലോടെ മനസ്സിലാക്കി.

ഉമ്മറത്തെ കൈവരിയിലിരുന്ന് അയാൾ ആകാശത്തേക്ക് നോക്കി. മെല്ലെമെല്ലെ ഒഴുകിനീങ്ങുന്ന വെളുത്ത മേഘങ്ങൾ. ആ മേഘങ്ങൾക്ക് എന്തൊക്കെയോ രൂപങ്ങൾ ഉള്ളതുപോലെ അയാൾക്ക് തോന്നി.

മരവിച്ച മനസ്സുമായി അയാൾ ആ മേഘങ്ങളിലേക്ക് ഉറ്റുനോക്കി. അതിലെവിടെയെങ്കിലും തൻ്റെ അച്ഛൻ്റെ രൂപം ഉണ്ടോ…?

Latest