Connect with us

AUGUSTA WESTLAND

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതി: ശശികാന്ത് ശര്‍മക്കും മാര്‍ഷല്‍ ജസ്ബിര്‍ സിംഗിനുമെതിരെ സിബിഐ കുറ്റപത്രം

പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് 3,200 കോടി രൂപയുടെ അഴിമതിക്കേസില്‍ ശശികാന്ത് ശര്‍മയെയും മറ്റ് നാല് മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരെയും പ്രതികളാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസില്‍ മുന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മ, മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ജസ്ബിര്‍ സിംഗ് പനേസര്‍ എന്നിവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് 3,200 കോടി രൂപയുടെ അഴിമതിക്കേസില്‍ ശശികാന്ത് ശര്‍മയെയും മറ്റ് നാല് മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരെയും പ്രതികളാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

2003 നും 2007 നും ഇടയില്‍ പ്രതിരോധ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി (എയര്‍) ആയിരുന്ന ശര്‍മ്മ പിന്നീട് പ്രതിരോധ സെക്രട്ടറിയായും (2011-13) ഓഡിറ്ററായും (2013-2017) പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ചീഫ് ടെസ്റ്റിംഗ് പൈലറ്റ് എസ്എ കുന്റെ, എയര്‍ ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ തോമസ് മാത്യു, ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്‍ സന്തോഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനും ഏജന്‍സി അനുമതി തേടിയിട്ടുണ്ട്.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ക്ക് സഞ്ചരിക്കാനായി 3600 കോടി രൂപ (56 കോടി യൂറോ) മുടക്കില്‍ 12 അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നിശ്ചയിച്ചിട്ടുള്ള 6,000 മീറ്റര്‍ ഓപ്പറേഷന്‍ സീലിംഗ് പാരാമീറ്റര്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ പാലിക്കാതിരുന്നിട്ടും കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടാണ് ആരോപണം.

സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം 2016ല്‍ കേസ് ഏറ്റെടുക്കുകയും മുന്‍ എയര്‍ ചീഫ് മാര്‍ഷല്‍ എസ്പി ത്യാഗിക്കും മറ്റ് 11 പേര്‍ക്കുമെതിരെ 2017 സെപ്റ്റംബര്‍ 1 ന് ആദ്യ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ സഹായിക്കാന്‍ ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തന പരിധി കുറയ്ക്കാന്‍ മുന്‍ വ്യോമസേനാ മേധാവി ശുപാര്‍ശ ചെയ്തതായി സിബിഐ ആരോപിക്കുന്നു.

Latest