Connect with us

vs achuthananthan

വി എസ്: പോരാളികളുടെ പോരാളി

സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയെ നയിച്ചും പാര്‍ലിമെന്ററി രംഗത്ത് അതിലേറെ കരുത്തുകാട്ടിയും നേതാവെന്ന വാക്കിന് കനത്ത അര്‍ഥങ്ങള്‍ നല്‍കി വി എസ്. 1965 മുതല്‍ 2016 വരെ നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചെങ്കിലും മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല വി എസ്. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമ്പോള്‍ വി എസ് തോല്‍ക്കുകയോ വി എസ് ജയിക്കുമ്പോള്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ ചെയ്തു. 1967-ലും 2006 ലും ഒഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെുപ്പുകളിലെല്ലാം പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നു. 1996-ല്‍ മാരാരിക്കുളത്തെ തോല്‍വിയോടെ വി എസ് ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ പുതിയൊരു പാത വെട്ടിത്തുറന്നു. 2006 ല്‍ മുഖ്യമന്ത്രിക്കസാരയില്‍ വി എസ് എത്തുക തന്നെ ചെയ്തു.

Published

|

Last Updated

വി എസിനെ കേള്‍ക്കുക എന്നാല്‍ അതൊരു അനുഭവമായിരുന്നു. നീട്ടിയും കുറുക്കിയുമുള്ള ആ വാഗ്‌ധോരണി. അടിസ്ഥാന ജനവിഭാഗങ്ങളെ സംഘടിപ്പിച്ച ആദ്യ നാളുകളില്‍ അവരെ ആശയങ്ങള്‍ക്കു മുമ്പില്‍ പിടിച്ചിരുത്താന്‍ ആ യുവ നേതാവ് കണ്ടെത്തിയ വഴിയായിരുന്നു പ്രസംഗത്തിലെ ആ താളക്രമം. എത്ര കനപ്പെട്ട കാര്യം പറയുമ്പോഴും കേള്‍ക്കുന്നവന്റെ ഉള്ളില്‍ ആഴ്ന്നിറങ്ങുന്ന തന്ത്രം. നിലച്ചു പോയത് വാക്കുകളുടെ ആ സത്രമൂര്‍ച്ച മാത്രമല്ല; നിലപാടുകളിലെ പോരാട്ട വീറുകൂടിയാണ്. വി എസ് എന്ന പ്രതിരൂപം കേരള രാഷ്ട്രീയത്തില്‍ പോരാളികളുടെ പോരാളിയായിരുന്നു. തിന്മകള്‍ക്കെതിരായ തീപ്പന്തമായി അത് ജ്വലിച്ചു നിന്നു. കക്ഷിരാഷ്ട്രീയത്തിന്റെ നിലപാടു തറകളില്‍ നിന്ന് മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലേക്ക് വേരാഴ്ത്തി വി എസ് എന്ന വടവൃക്ഷം തണല്‍ വിരിച്ചു.

നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട് അനാഥത്വം പേറി ജീവിച്ച കുട്ടി കടുത്ത ദാരിദ്ര്യത്തിന്റെ ഉലയില്‍ വിപ്ലവകാരിയായി പരിവര്‍ത്തനം ചെയ്യുകയായിരുന്നു. പിന്നീട് ജീവിതം തന്നെ സമരമായി. വര്‍ഗ സമര രാഷ്ട്രീയത്തിന്റെ കൊടിക്കൂറ ഉയര്‍ത്തി വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം നിലക്കൊണ്ടു. പ്രായം നൂറിലേക്ക് നടന്നടുക്കുമ്പോഴും പോരാട്ട യൗവനമായിരുന്നു വി എസ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വര്‍ഗ സഹകരണത്തിന്റെ വിത്തിട്ട ഡാങ്കേയിസ്റ്റുകള്‍ക്കെതിരെ പട നയിച്ച് 1964-ലെ ദേശീയകൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി പി എം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ നമ്മുടെ കാലത്തും സജീവമായിരുന്ന ഒരാളാണ് ഇപ്പോള്‍ ഓര്‍മയായിരിക്കുന്നത്.

സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയെ നയിച്ചും പാര്‍ലിമെന്ററി രംഗത്ത് അതിലേറെ കരുത്തുകാട്ടിയും നേതാവെന്ന വാക്കിന് കനത്ത അര്‍ഥങ്ങള്‍ നല്‍കി വി എസ്. 1965 മുതല്‍ 2016 വരെ നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചെങ്കിലും മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല വി എസ്. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമ്പോള്‍ വി എസ് തോല്‍ക്കുകയോ വി എസ് ജയിക്കുമ്പോള്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ ചെയ്തു. 1967-ലും 2006 ലും ഒഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെുപ്പുകളിലെല്ലാം പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നു. 1996-ല്‍ മാരാരിക്കുളത്തെ തോല്‍വിയോടെ വി എസ് ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ പുതിയൊരു പാത വെട്ടിത്തുറന്നു. 2006 ല്‍ മുഖ്യമന്ത്രിക്കസാരയില്‍ വി എസ് എത്തുക തന്നെ ചെയ്തു.

1968-69 കാലത്തെ നക്സല്‍ ഭീഷണിക്ക് ശേഷം പര്‍ട്ടി നിരവധി ആഭ്യന്തര പ്രതിസന്ധികളിലൂടെ കടന്നു പോയി. വി എസിന്റെ വാക്കുകള്‍ക്കായി അണികള്‍ കാതോര്‍ക്കുന്ന കാലമുണ്ടായി. 1980-ല്‍ അന്നത്തെ തലപ്പൊക്കമുള്ള നേതാവ് എം വി രാഘവന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ബദല്‍രേഖാ വിവാദത്തില്‍ ഉലഞ്ഞുപോകാതെ പാര്‍ട്ടിയെ കാക്കുന്നതില്‍ വി എസിന്റെ തന്ത്രങ്ങള്‍ക്കു വലിയ പങ്കുണ്ടായിരുന്നു. ജാതി-മത ശക്തികളുമായി സി പി എമ്മിന് ഒരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്ത് കൊണ്ട്, കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും അതിനാല്‍ ആരുമായും തിരഞ്ഞെടുപ്പ് സഖ്യം ആവാമെന്നും വാദിക്കുന്നതായിരുന്നു ബദല്‍ രേഖ. എം വി രാഘവന്റെ നേതൃത്വത്തില്‍ ഒമ്പതോളം നേതാക്കള്‍ ബദല്‍രേഖയുമായി രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി പിളരുകയാണെന്ന തോന്നലുണ്ടായി. ഇ കെ നായനാരടക്കം ബദല്‍രേഖയെ അനുകൂലിച്ചപ്പോള്‍ ഉള്‍പ്പാര്‍ട്ടി വേദികളില്‍ പൊരുതി നിന്ന നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍. തെറ്റു തിരുത്താന്‍ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തയ്യാറായി. ബദല്‍ രേഖയില്‍ ഒപ്പിട്ടവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും ഒരു പിളര്‍പ്പില്‍ നിന്ന് പാര്‍ട്ടിയെ രക്ഷപ്പെടുത്തിയ നേതാവെന്ന വീര പരിവേഷം വി എസിന് ലഭിച്ചു.

പാര്‍ട്ടി അച്ചടക്കത്തിന് വഴങ്ങുക എന്ന കമ്യൂണിസ്റ്റ് സംഘടനാ തത്വത്തെ നിര്‍ണായ ഘടങ്ങളില്‍ മറികടക്കുന്ന നിലപാടുകളും അതിന് പാര്‍ട്ടി അനുഭാവികളില്‍ നിന്നു ലഭിക്കുന്ന പിന്തുണയുമായിരുന്നു വി എസിനെ വീര പരിവേഷം അണിയിച്ച ഘടകം. കെ കരുണകാരന്‍ കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച ഡി ഐ സിയുമായി സഖ്യത്തിലേര്‍പ്പെടണമെന്ന ധാരണയിലേക്ക് സി പി എം സംസ്ഥാന കമ്മിറ്റി നീങ്ങുന്ന ഘട്ടത്തില്‍ അതിനെതിരായ അഭിപ്രായം വി എസ് പുറത്തു പ്രകടമാക്കി. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഒടുവില്‍ പോളിറ്റ്ബ്യൂറോ ഇടപെട്ട് സഖ്യം വേണ്ടെന്ന് വെച്ചതോടെ വി എസ് ആണ് ശരിയെന്ന ചര്‍ച്ചകള്‍ സജീവമായി.

പിണറായി വിജയനെ ലക്ഷ്യമിട്ട് യു ഡി എഫ്, എസ് എന്‍ സി ലാവ്‌ലിന്‍ കേസ് കൊണ്ടുവന്നപ്പോഴും 2009-ലെ പൊതുതിരഞ്ഞെടുപ്പില്‍ പി ഡി പി സഖ്യ നീക്കത്തിലുമെല്ലാം വ്യത്യസ്ഥ നിലപാടുമായി വി എസ് വേറിട്ടു നിന്നു. പാര്‍ട്ടി അച്ചടക്കത്തിനു പുറത്തുകടന്നുള്ള നീക്കത്തിന്റെ പേരില്‍ വി എസിന് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് പുറത്തുപോവേണ്ടി വന്നു. വൈര നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നേതാവായി വി എസിനെ പാര്‍ട്ടി വിലയിരുത്തി. വി എസ്- പിണറായി പക്ഷമെന്ന വേര്‍തിരിവിലേക്കുവരെ കാര്യങ്ങള്‍ എത്തി. വിഭാഗീയതയെന്ന പേരില്‍ പാര്‍ട്ടി ഈ നീക്കങ്ങളെ കണക്കാക്കി.

2002-ലെ കണ്ണൂര്‍ സമ്മേളനത്തോടെയാണ് വിഭാഗീയതയുടെ കളങ്കം പാര്‍ട്ടിയില്‍ പ്രകടമാകുന്നത്. 2006-ല്‍ പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും വി എസ് മുഖ്യമന്ത്രിയാകുന്നതിന് തടസ്സമുണ്ടായി. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് വി എസിനെ മുഖ്യന്ത്രിയായി പ്രഖ്യാപിച്ച് പി ബി തീരുമാനമുണ്ടായത്. 2011 തിരഞ്ഞെടുപ്പിലും ആദ്യം പാര്‍ട്ടി വി എസിന് സീറ്റ് നിഷേധിച്ചിരുന്നുവെങ്കിലും തെരുവില്‍ വി എസിന് വേണ്ടി ശബ്ദമുയര്‍ന്നു. ഒടുവില്‍ മലുമ്പുഴ മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വി എസ് വിജയിക്കുകയും ചെയ്തു.

ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തിയപ്പോള്‍ അവരെ തെറ്റു തിരുത്തി തിരികെ പാര്‍ട്ടിയില്‍ എത്തിക്കണമെന്ന നിലപാടിലായിരുന്നു വി എസ്. എന്നാല്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി ‘കുലംകുത്തികള്‍ എന്നും കുലംകുത്തികള്‍ തന്നെ’ എന്ന പ്രഖ്യാപനം നടത്തിയതോടെ വി എസിന്റെ തണല്‍ നഷ്ടപ്പെട്ടു വിമതര്‍ തെരുവിലായി. ഒടുവില്‍ പാര്‍ട്ടിയെ പിടിച്ചുലയ്ക്കും വിധം ടി പിയുടെ വധം ഉണ്ടാവുകയും കേരള രാഷ്ട്രീയം കലുഷിതമാവുകയും ചെയ്ത ഘട്ടത്തില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് വി എസ്, ടി പിയുടെ ഭാര്യ കെ കെ രമയെ സന്ദര്‍ശിക്കനായി വടകര ഒഞ്ചിയത്തെ വീട്ടിലെത്തിയത് പാര്‍ട്ടിയെ ഉലച്ചു.

അകത്തു പറയുന്ന അഭിപ്രായങ്ങള്‍ ഫലം കാണാതിരിക്കുമ്പോള്‍ പുറത്തു പറയുകയും അതിന്റെ പേരില്‍ വരുന്ന അച്ചടക്ക നടപടികള്‍ നിശ്ശബ്ദം സ്വീകരിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം കമ്യൂണിസ്റ്റ് ശൈലിയിലേക്ക് ഒരു ഘട്ടത്തില്‍ വി എസ് എത്തിച്ചേര്‍ന്നിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവ് എന്ന പദവിയില്‍ വി എസിനു മാത്രം ലഭിച്ച പരിരക്ഷയില്‍ വി എസ് അച്ചടക്കത്തിന്റെ മതിലില്‍ പലപ്പോഴും വി എസ് പോറലേല്‍പ്പിച്ചു. പാര്‍ട്ടിയുടെ പരമോന്നത വേദിയായ പോളിറ്റ്ബ്യൂറോയില്‍ നിന്നു നീക്കം ചെയ്യപ്പെട്ടിട്ടും അക്ഷോഭ്യനായി ആ നടപടി വി എസ് ഏറ്റുവാങ്ങി. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വഴിതെറ്റിച്ച നാല്‍വര്‍ സംഘത്തിന്റെ ഉദാഹരണം വി എസ് എടുത്തുകാട്ടി. വറ്റിയ സമുദ്രത്തിന്റെ ഉദാഹരണം എടുത്തുദ്ധരിച്ചു.

അച്ചടക്ക നടപടികള്‍ തന്നെ കരുത്തനാക്കുമെന്നു വി എസ് കരുതിയിരുന്നു. 1964-ല്‍ സി പി എം പിറന്ന കാലത്തു തന്നെ വി എസ് ആദ്യ അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വി എസിനേയും മറ്റ് നേതാക്കളേയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. ജയിലിനുള്ളില്‍ വി എസ് രക്തദാനത്തിന് പ്രചാരണം നല്‍കി. അതിര്‍ത്തിയില്‍ പോരാടുന്ന ജവാന്‍മാര്‍ക്ക് രക്തം ദാനം ചെയ്യണമെന്നായിരുന്നു വി എസിന്റ ആവശ്യം. പാര്‍ട്ടിയോട് ആലോചിക്കാതെയെടുത്ത തീരുമാനത്തിന്റെ പേരില്‍ ജയില്‍ മോചിതനായ ശേഷം വി എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തി.

1998 ല്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംഘടനാ തത്വങ്ങള്‍ ലംഘിക്കപ്പെട്ടതിന്റെ പേരിലായിരുന്നു രണ്ടാമത്തെ നടപടി. പാര്‍ട്ടി കേന്ദ്രകമ്മിറ്റി വി എസിനെ താക്കീത് ചെയ്തു. പാര്‍ട്ടിയിലെ ചിലരോട് വി എസ് കാണിക്കുന്ന വൈര നിര്യാതന മനോഭാവം ഉപേക്ഷിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയും ചെയ്തു. 2007 മെയ് 26 ന് പോളിറ്റ്ബ്യൂറോയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുന്നതുവരെ പാര്‍ട്ടി അച്ചടക്കത്തിന്റെ വേലികള്‍ തകര്‍ത്തുകൊണ്ട് വി എസ് മുന്നോട്ടു പോയി. അന്ന് വി എസിനൊപ്പം പിണറായി വിജയനും ഇതേ നടപടി നേരിട്ടു. 2007 ഒക്ടോബറില്‍ തിരിച്ചെടുത്തെങ്കിലും 2009 ജൂലായ് 13 ന് വി എസ് വീണ്ടും പി ബിക്ക് പുറത്തായി. സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചുവെന്നായിരുന്നു ആരോപണം. അന്ന് വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ എ ഡി ബി യില്‍ നിന്ന് വായ്പയെടുക്കുന്നതിനെതിരേ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിനെതിരായും വി എസിനെതിരേ നടപടിയുണ്ടായി. അവസാനമായി ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരേ പറഞ്ഞതിനും പാര്‍ട്ടി ശാസന നേരിട്ടു.

പാടം നികത്തുന്നതിനെതിരായ സമരത്തിന്റെ പേരില്‍ വി എസിനു മാധ്യമങ്ങള്‍ ‘വെട്ടിനിരത്തല്‍’ എന്ന സ്വഭാവ മഹിമ സമ്മാനിച്ചു. 1996-97 കാലത്ത് മാങ്കൊമ്പില്‍ വി എസ് അച്യുതാന്ദന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിനാണു മാധ്യമങ്ങള്‍ വെട്ടിനിരത്തല്‍ സമരമെന്നു പേരിട്ടത്. വി എസിന് പാര്‍ട്ടിയില്‍ സ്വീകരിക്കുന്ന സമീപനങ്ങളെയും മാധ്യമങ്ങള്‍ വെട്ടി നിരത്തല്‍ എന്നു വിളിച്ചു. സി പി എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം വി രാഘവന്റെ പുറത്താകലിനു പിന്നാലെ കെ ആര്‍ ഗൗരിയമ്മയും പുറത്തായപ്പോള്‍ നടപടിക്കു ചുക്കാന്‍ പിടിച്ചെന്ന ആരോപണം വി എസിനെതിരെയായിരുന്നു. 1996-ല്‍ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നീക്കമുണ്ടായപ്പോഴും മാധ്യമങ്ങള്‍ അതിനെ വെട്ടിനിരത്തല്‍ എന്നു പേരിട്ടു വിളിച്ചു.

വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ പഴികേട്ടു. എലികള്‍ കറുത്തതോ വെളുത്തതോ ആയാലും എലിയെ പിടിച്ചാല്‍ മതിയെന്ന വി എസിന്റെ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. സി പി ഐ പാര്‍ട്ടി ഓഫീസിലേക്ക് ഇടിച്ചുനിരത്തല്‍ നടപടിയുമായി ജെ സി ബിയെത്തിയതോടെ വി എസിന്റെ പൂച്ചകള്‍ക്ക് ദൗത്യം പാതി വഴി ഉപേക്ഷിക്കേണ്ടി വന്നു. മൂന്നാറിലെ ടാറ്റായുടെ കൈവശമുണ്ടെന്ന് നിയമസഭാസമിതി റിപ്പോര്‍ട്ടിലുളള അധികഭൂമി ഏറ്റെടുക്കല്‍ മുതല്‍ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളെല്ലാം മുഴുവന്‍ ഒഴിപ്പിക്കാനായിരുന്നു പദ്ധതി. കെ.സുരേഷ് കുമാറിന്റെയും ഋഷിരാജ് സിങ്ങിന്റെയും നേതൃത്വത്തിലുളള ടീമാണ് കൈയേറ്റമൊഴിപ്പിക്കല്‍ പദ്ധതിയുമായി മുന്നോട്ട് പോയത്.

പുന്നപ്ര-വയലാര്‍ സമര ഭൂമിയിലെ തീയ്യില്‍ കുരുത്തതായിരുന്നു വി എസിന്റെ ജീവിതം. പോരാളികളുടെ പോരാളിയും വിപ്ലവ നക്ഷത്രവുമായി വി എസ് വളര്‍ന്നു. എവിടെ നില്‍ക്കുമ്പോഴും ഉയരുന്ന തീക്ഷ്ണമായ പ്രതിപക്ഷ സ്വരം ആ സമര പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു. വാചകങ്ങള്‍ നീട്ടിയും കുറുക്കിയും ജനലക്ഷങ്ങളെ ആകര്‍ഷിച്ചതുപോലെ, വി എസിന്റെ പ്രവര്‍ത്തനവും സമൂഹത്തിലെ ഉയര്‍ച്ച താഴ്ചകളെ ഉഴുതുമറിച്ച് മനുഷ്യ ജീവിതം ആയാസ രഹിതമാക്കി.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest