local body election 2025
പച്ചക്കറി വിത്തുകൾ നിറച്ച പേന നൽകി വോട്ട് പിടിത്തം
വീടുകൾ കയറി വോട്ട് ചോദിച്ച് മടങ്ങുമ്പോൾ വീടുകളിൽ വിത്ത് നിറച്ച പേനയും നൽകുകയാണ് ചെയ്യുന്നത്.
കാളികാവ് | തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വേറിട്ട തന്ത്രങ്ങളുമായി സ്ഥാനാർഥികളും മുന്നണികളും കളം നിറഞ്ഞു. കാളികാവ് പുറ്റമണ്ണ വാർഡിലെ എൽ ഡിഎഫ് സ്ഥാനാർഥി മുതുകോടൻ അലിയാർ പ്രചാരണത്തിന് പച്ചക്കറി വിത്തുകൾ കൂടി ഉൾപ്പെടെയുള്ള പേനയാണ് ഉപയോഗിക്കുന്നത്. പുറ്റമണ്ണ പുതിയതായി രൂപവത്കരിച്ച വാർഡാണ്.
വീടുകൾ കയറി വോട്ട് ചോദിച്ച് മടങ്ങുമ്പോൾ വീടുകളിൽ വിത്ത് നിറച്ച പേനയും നൽകുകയാണ് ചെയ്യുന്നത്. എഴുതാൻ ഉപയോഗിക്കാവുന്നതോടൊപ്പം പേനക്ക് അകത്തുള്ള വിത്തുകൾ വിതച്ച് പച്ചക്കറിത്തോട്ടവും ഒരുക്കാനാകുമെന്നാണ് സ്ഥാനാർഥി പറയുന്നത്. കുട അടയാളത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് അലിയാർ മത്സരിക്കുന്നത്. ജയത്തിനും തോൽവിക്കും അപ്പുറം സാന്നിധ്യമറിയിക്കാൻ കൂടിയാണ് വിത്തു പേന പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നാണ് സ്ഥാനാർഥി പറയുന്നത്. മുസ്‌ലിം ലീഗിലെ പി ടി ഹാരിസാണ് യു ഡി എഫ് സ്ഥാനാർഥി. കോണി ചിഹ്നത്തിലാണ് ഹാരിസ് മത്സരിക്കുന്നത്. ഹാരിസ് മുൻ പഞ്ചായത്തംഗം കൂടിയാണ്.


