articles
ജനാധിപത്യം സംരക്ഷിക്കാനാണ് വോട്ടർ അധികാർ യാത്ര
രാഹുൽ ഗാന്ധിയുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും സ്വീകാര്യത കൂടി വരികയാണ്. വോട്ട് കൊള്ളക്കെതിരെ ഈ മാസം 11ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിപക്ഷത്തെ 300 പാർലിമെന്റ് അംഗങ്ങൾ പങ്കെടുത്തത് രാഹുൽ ഗാന്ധിക്കുള്ള അംഗീകാരമാണ്. ഇലക്്ഷൻ കമ്മീഷന്റെ ഓഫീസിനു മുമ്പിൽ കണ്ടത് പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെടുമെന്നതിന്റെ സൂചന കൂടിയാണ്.

പാർലിമെന്ററി സംവിധാനത്തിൽ പ്രതിപക്ഷം സാധാരണയായി പ്രധാന ഉത്തരവാദിത്വമായി കാണുന്നത് സർക്കാറിനെ വിമർശിക്കുക എന്നതാണ്. എന്നാൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ നടത്തിവരുന്നത് സർക്കാറിനെതിരെയുള്ള കേവല വിമർശമോ കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിക്കാൻ മാത്രമുള്ള ശ്രമമോ അല്ല.
രാജ്യത്തെ ജനാധിപത്യ സംവിധാനം നിലനിർത്തുക എന്ന സുപ്രധാന ദൗത്യമാണ് പ്രതിപക്ഷ നേതാവ് ഏറ്റെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും പ്രതിപക്ഷ നിരയിലെ പാർട്ടികളും കോൺഗ്രസ്സിലെ തന്നെ ചില നേതാക്കളും രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളെ ഗൗരവമായി കണ്ടിരുന്നില്ല. എന്നാൽ കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണവും വെളിപ്പെടുത്തലും രാഹുൽ ഗാന്ധിയെ കുറിച്ചുള്ള അഭിപ്രായം തിരുത്താൻ പലരെയും പ്രേരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നടന്ന അട്ടിമറിയെ കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ മടിച്ചുനിന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പത്താം ദിവസം പത്രസമ്മേളനം വിളിച്ച് മറുപടി എന്ന നിലയിൽ ചില കാര്യങ്ങൾ വിശദീകരിക്കേണ്ടിവന്നു. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിലും കേന്ദ്ര ഇലക്്ഷൻ കമ്മീഷന് ഒരു മണിക്കൂറിലേറെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്പിൽ ഇരിക്കേണ്ടി വന്നു.
ദുർബലമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ മുന്നണിയുടെ ഉയർത്തെഴുന്നേൽപ്പിനും സംഭവം നിമിത്തമായി. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലിമെന്റിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം എതിരാളികളുടെ പോലും പ്രശംസ ഏറ്റുവാങ്ങുകയുണ്ടായി. രാഹുൽ ഗാന്ധിയുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും സ്വീകാര്യത കൂടി വരികയാണ്. വോട്ട് കൊള്ളക്കെതിരെ ഈ മാസം 11ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിപക്ഷത്തെ 300 പാർലിമെന്റ്അംഗങ്ങൾ പങ്കെടുത്തത് രാഹുൽ ഗാന്ധിക്കുള്ള അംഗീകാരമാണ്. ഇലക്്ഷൻ കമ്മീഷന്റെ ഓഫീസിനു മുമ്പിൽ കണ്ടത് പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഐക്യപ്പെടുമെന്നതിന്റെ സൂചന കൂടിയാണ്. ഇന്ത്യ മുന്നണിയിൽ നിന്ന് വിട്ടുപോയ ആം ആദ്മി പാർട്ടിയെയും കോൺഗ്രസ്സുമായി അകലം പുലർത്തിപ്പോരുന്ന തൃണമൂൽ കോൺഗ്രസ്സിനെയും പ്രതിപക്ഷ നിരയിൽ ചേർത്തുനിർത്താൻ രാഹുൽ ഗാന്ധിക്ക് സാധിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിന്റെ അപകടം ബി ജെ പി തിരിച്ചറിഞ്ഞതാണ്.
സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമായ ഇലക്്ഷൻ കമ്മീഷൻ നമ്മുടെ ജനാധിപത്യ സംവിധാനത്തിന് പരമപ്രധാനമാണെന്ന് സുപ്രീം കോടതി പലതവണ ഓർമിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നതും വിശ്വാസ്യതക്ക് കോട്ടം തട്ടുന്നതുമായ ആരോപണങ്ങളാണ് അടുത്ത കാലത്തായി ഉയർന്നു കേൾക്കുന്നത്. രാജ്യത്തെ ഭരണഘടനയോടും ജനാധിപത്യത്തിനും നേരെയുള്ള ഈ വെല്ലുവിളിയെ നേരിടേണ്ടതുണ്ട്. തെക്കൻ ബിഹാറിലെ സാസാറാമിൽ നിന്ന് ഈ മാസം 17ന് രാഹുൽ ഗാന്ധിയുടെ നേതൃത്തിൽ ആരംഭിച്ച “വോട്ട് അധികാർ യാത്ര’ 23 ജില്ലകളിലൂടെ 1,300 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സെപ്തംബർ ഒന്നിന് മഹാറാലിയോടെ പാറ്റ്നയിൽ സമാപിക്കും. ഇന്ത്യ മുന്നണിയിലെ നേതാക്കൾ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഈ വിഷയം സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
അതു കൊണ്ടു തന്നെ ഈയാത്രയെ രാഷ്ട്രീയപാർട്ടികളുടെ ചട്ടപ്പടി യാത്രയായി കാണേണ്ടതല്ല. ജനാധിപത്യം സംരക്ഷിക്കാനും ഒരാൾക്ക് ഒരു വോട്ട് എന്ന പവിത്രമായ ലക്ഷ്യം നിലനിർത്തുന്നതിനും വേണ്ടിയുള്ളതാണ് ഈ യാത്ര. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ് ഐ ആർ) വഴി ബിഹാറിലെ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് എന്തിനാണെന്നും ഇതിന്റെ ഗുണഭോക്താവ് ആരാണെന്നും വ്യക്തമാണ്. ഇന്ത്യൻ ഭരണഘടനയുടെ ജീവനാഡിയായ ജനാധിപത്യ മൂല്യങ്ങളെയും ഫെഡറൽ സംവിധാനങ്ങളെയും മാത്രമല്ല ജനവിധിയെ പോലും അട്ടിമറിക്കുകയാണ്. ജനാധിപത്യ രാജ്യത്ത് ഏറ്റവും സുതാര്യമായി നടത്തേണ്ട സംവിധാനമാണ് തിരഞ്ഞെടുപ്പ്. ഇന്ത്യൻ ഭരണഘടനയെ മാറ്റി എഴുതാനും സെക്കുലർ രാജ്യമായ ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനുമുള്ള നീക്കത്തിന് ഇലക്്ഷൻ കമ്മീഷനും ചൂട്ട് പിടിക്കുകയാണ്.
സ്ഥലനാമങ്ങളും വിമാനത്താവളങ്ങളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും പേരുകളും ഹിന്ദുത്വവത്കരിക്കപ്പെടുന്നു. ഏകഭാഷ അടിച്ചേൽപ്പിക്കുന്നു. ഇതോടൊപ്പം വോട്ടവകാശവും ഒരു വിഭാഗത്തിന് മാത്രമായി ചുരുക്കുകയും ഭരണത്തിന്റെ അവകാശികൾ അവർ മാത്രമാണെന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയുമാണ് ചെയ്യുന്നത്. അപകടകരമായ ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഏറ്റെടുത്ത ദൗത്യത്തിന്റെ പ്രസക്തി ഏറെയാണ്. രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴങ്ങാതെ നിഷ്പക്ഷവും നീതിപൂർവകവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കണമെന്നാണ് ഭരണഘടനാ സങ്കൽപ്പം. എന്നാൽ മോദി ഭരണത്തിൽ ആ സങ്കൽപ്പം ഇല്ലാതാകുകയാണ്. വോട്ട് കൊള്ളക്കെതിരെയുള്ള വോട്ട് അധികാർ യാത്ര അവഗണിക്കേണ്ട ഒന്നല്ല എന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും ബോധ്യമായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ക്യാമ്പയിനിനെ ബിഹാറിൽ പ്രതിരോധിക്കാൻ എൻ ഡി എ സഖ്യം പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തത് ഈ ഭീതിയുടെ ഭാഗമാണ്.
2022 സെപ്തംബർ മുതൽ 2023 ജനുവരി വരെ നടത്തിയ ഭാരത് ജോഡോ യാത്രക്കും 2024 ജനുവരി മുതൽ മാർച്ച് വരെ നടന്ന ഭാരത് ജോഡോ ന്യായ് യാത്രക്കും ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന മൂന്നാമത്തെ യാത്രയാണിത്. രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്രകളുടെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി അറിഞ്ഞതാണ്. രാഹുൽ ഗാന്ധിയുടെ മൂന്നാം യാത്ര വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി ജെ പിയെ ഭയപെടുത്തുന്നുണ്ട്. ഇന്ത്യ മുന്നണി നേതാക്കളുടെ മനോവീര്യം വർധിപ്പിക്കാനും ഇത് കാരണമാകുന്നു.
വോട്ടർ പട്ടിക പരിഷ്‌കരിക്കുക എന്നത് ഇലക്്ഷൻ കമ്മീഷന്റെ ജോലിയാണ്. മരിച്ചവരുടെ പേര് നീക്കം ചെയ്തും 18 വയസ്സ് തികഞ്ഞവരെ ഉൾപ്പെടുത്തിയും വോട്ടർ പട്ടിക പുതുക്കുകയാണ് പതിവ്. മരണനിരക്കിനേക്കാൾ ജനനനിരക്ക് കൂടുതലായതിനാൽ വോട്ടർമാരുടെ എണ്ണം അധികരിക്കുന്ന രീതിയാണ് വർഷങ്ങളായി കണ്ടുവരുന്നത്. ഓരോ വർഷവും രാജ്യത്തെ വോട്ടർമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നാൽ ബിഹാറിൽ പുതുക്കിയ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിരിക്കുകയാണ്. ഈ വൻകണക്ക് തന്നെ ഇലക്്ഷൻ കമ്മീഷന്റെ വിശ്വാസ്യതയെ സംശയ നിഴലിലാക്കുന്നു. മരിച്ചവരെന്ന പേരിൽ ഇലക്്ഷൻ കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത നിരവധി പേരെ രാഹുൽ ഗാന്ധി തന്റെ യാത്രയിൽ കണ്ടെത്തുകയുണ്ടായി. പ്രത്യേക പുനരവലോകനത്തിന്റെ പേരിൽ കൃത്യമായ വോട്ടർ പട്ടിക തയ്യാറാക്കലല്ല, പലരെയും ഒഴിവാക്കലാണ് കമ്മീഷന്റെ ഉദ്ദേശ്യമെന്ന് പകൽ പോലെ
വ്യക്തമാണ്.