National
വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു; വോട്ടുകൊള്ളക്കെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
മനുഷ്യക്കടലായിമാറിയ പറ്റ്ന ജനാധിപത്യം തകര്‍ക്കുന്ന മോദി സര്‍ക്കാറിനുള്ള താക്കീത്

പറ്റ്ന | ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി നടന്നു. വോട്ടുകൊള്ളക്കെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്ന് സമാപന സമ്മേളനത്തില്‍ ലോകസഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
മനുഷ്യക്കടലായിമാറിയ പറ്റ്ന ജനാധിപത്യം തകര്‍ക്കുന്ന മോദി സര്‍ക്കാറിനുള്ള താക്കീതാണ്. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണിത്. ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക് എന്ന പേരിലാണ് മാര്‍ച്ച്. വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ ഒതുങ്ങില്ലെന്നും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ ജീവിതം മോദി ഭരണം ദുരിതത്തിലാക്കി. വോട്ട് മോഷണത്തിന്റെ അര്‍ത്ഥം അധികാരവും മോഷ്ടിക്കുന്നുവെന്നാണ്. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം കള്ള വോട്ട് നടന്നു. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
വോട്ട് മോഷണത്തില്‍ വൈകാതെ ഹൈഡ്രജന്‍ ബോംബ് പൊട്ടുമെന്ന് രാഹുല്‍ പറഞ്ഞു. വോട്ട് മോഷണത്തില്‍ കൂടുതല്‍ ഗൗരവമുള്ള കണ്ടെത്തലുകള്‍ വൈകാതെ പുറത്ത് വിടും. ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ എല്ലാം യാത്രയില്‍ ഇന്ന് രാഹുലിനൊപ്പം ചേര്‍ന്നു. ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി മാറുകയായിരുന്നു പാറ്റ്‌നയിലെ വോട്ട് അധികാര്‍ യാത്ര. 15 ദിവസം കൊണ്ട് 100ലധികം മണ്ഡലങ്ങളിലൂടെ 1,300 കിമീ പിന്നിട്ടാണ് യാത്ര പാറ്റ്‌നയിലെത്തിയത്. രാവിലെ ഗാന്ധി മൈതാനത്ത് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ യാത്രയ്ക്ക് തുടക്കമായി.
ഇന്ത്യ സഖ്യം പാര്‍ട്ടികളുടെ നേതാക്കള്‍ എല്ലാം രാഹുലിനൊപ്പം ഇന്ന് യാത്രയുടെ ഭാഗമായി. കേരളത്തില്‍ നിന്നടക്കം എത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമാപന യാത്രയില്‍ ആവേശമുയര്‍ത്തി. ജനപിന്തുണ കൊണ്ടും രാഹുല്‍ ഉയര്‍ത്തിയ വോട്ട് ചോരി ആരോപണത്തിനു ലഭിച്ച സ്വീകാര്യത കൊണ്ടും യാത്ര വന്‍ വിജയമായി. യാത്ര ജനങ്ങളുടെ മനസിലേക്ക് ഇറങ്ങി ചെന്നുവെന്ന് സിപിഎം ജന സെക്ര എം എ ബേബി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ബിഹാറില്‍ പ്രതിപക്ഷത്തിന്റെ ഐക്യ കാഹളം മുഴക്കിയാണ് വോട്ട് ആധികാര്‍ യാത്ര സമാപിക്കുന്നത്. യാത്ര കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.