National
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച; പരിശോധന വേണമെന്ന് മനീഷ് തിവാരി
പ്രതിപക്ഷവോട്ടുകള്‍ ചോര്‍ന്നതില്‍ എല്ലാ പാര്‍ട്ടികളും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷവോട്ടുകള്‍ ചോര്‍ന്നതില്‍ എല്ലാ പാര്‍ട്ടികളും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി . ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ടോ എന്ന് ഇന്ത്യ സഖ്യത്തിലെ ഓരോ പാര്‍ട്ടികളും പരിശോധിക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന ഈ വോട്ട് ചോര്‍ച്ച ഇന്ത്യാ സഖ്യത്തിലെ കെട്ടുറപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 315 വോട്ടുകള്‍ ലഭിക്കേണ്ടിയിരുന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി ബി സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് മറിഞ്ഞത് തമിഴ്നാട്ടില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എന്ന് റിപ്പോര്‍ട്ടുകള്‍.
തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണച്ചിരുന്നു. 324 വോട്ടുകള്‍ പ്രതിപക്ഷത്തിന് ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ ഫലം വന്നപ്പോള്‍ സുദര്‍ശന്‍ റെഡ്ഡിക്ക് ലഭിച്ചത് 300 വോട്ടുകള്‍ മാത്രം. പ്രതീക്ഷകള്‍ക്കപ്പുറം 452 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന് ലഭിക്കുകയും ചെയ്തു.