Techno
വിവോ വി29 സീരീസ് ഇന്ത്യയിലേക്ക്; അവതരണം ഒക്ടോബര്‍ 4ന്
വി29 സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വില 40,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂഡല്‍ഹി| വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടുന്ന വിവോ വി29 സീരീസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഈ ഫോണുകളുടെ അവതരണം വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പനി വെബ്‌സൈറ്റില്‍ വന്ന ടീസറില്‍ ലോഞ്ച് തിയതി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 4നാണ് ഫോണുകള്‍ രാജ്യത്ത് അവതരിപ്പിക്കുക.
വിവോ വി29 സീരീസില്‍ വിവോ വി29, വിവോ വി29 പ്രോ എന്നീ രണ്ട് ഫോണുകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസൈന്‍, അളവ്, കളര്‍, കാമറ എന്നീ വിശദാംശങ്ങളും കമ്പനി വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. വിവോ വി29 സീരീസ് ഫോണുകള്‍ ഇതിനകം തന്നെ മറ്റ് വിപണികളില്‍ അവതരിപ്പിച്ചട്ടുള്ള ഫോണുകളാണ്. ഈ സവിശേഷതകളില്‍ മാറ്റം വരാതെയാകും ഫോണുകള്‍ ഇന്ത്യയിലും എത്തുക.
7.46 എംഎം മാത്രം കനവും 186 ഗ്രാം ഭാരവുമായിട്ടായിരിക്കും ഈ ഫോണുകള്‍ എത്തുന്നത്. ഹിമാലയന്‍ ബ്ലൂ, മജസ്റ്റിക് റെഡ്, സ്‌പേസ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവോ വി29 ഗ്ലോബല്‍ പതിപ്പില്‍ 120എച്ച്ഇസെഡ് റിഫ്രഷ് റേറ്റും 1.5കെ റെസല്യൂഷനും എച്ച്ആര്‍ഡി10+ സപ്പോര്‍ട്ടുമുള്ള 6.78-ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും ഉണ്ടായിരിക്കും. ആന്‍ഡ്രോയിഡ് 13 ബേസ്ഡ് ഫണ്‍ടച്ച് ഒഎസിലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്.
വിവോ വി29 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി എസ്ഒസിയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുക. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 80ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,600എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാവുക. 8 ജിബി റാം, 128 ജിബി ഓപ്ഷനിലും 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഈ ഫോണുകള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
വിവോ വി29 പ്രോ മോഡലില്‍ കര്‍വ്ഡ് സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക. വിവോ വി29 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രാഫിക്കായി സോണി ഐഎംഎക്‌സ്663 സെന്‍സര്‍ ഉണ്ടാകും. 12 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ഷൂട്ടറും ഫോണില്‍ ഉണ്ടായിരിക്കും. വിവോ വി29 സ്മാര്‍ട്ട്‌ഫോണിലും മികച്ച കാമറയാണുള്ളത്. സാംസങ്ങിന്റെ 50 എംപി ഐഎസ്ഒസെല്‍ ജിഎന്‍5 സെന്‍സറായിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക. ഇതിനൊപ്പം 8 എംപി അള്‍ട്രാവൈഡ് ലെന്‍സും 2 എംപി ഡെപ്ത് സെന്‍സറും ചേരും.
അടുത്തിടെ വിവോ വി29ഇ മോഡലും കമ്പനി അവതരിപ്പിച്ചിരുന്നു. വി29 സീരീസ് ഫോണുകളുടെ ഇന്ത്യയിലെ വില 40,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.