Connect with us

Kerala

ഇകല്ട്രോണിക് ഗാഡ്ജറ്റുകളുടെ അമിതോപയോഗം; കുട്ടികളിൽ കാഴ്ച വൈകല്യമേറുന്നു

ഹ്രസ്വദൃഷ്ടി നിയന്ത്രിക്കാൻ സമഗ്ര പദ്ധതി വേണമെന്ന് നേത്രരോഗ വിദഗ്ധർ

Published

|

Last Updated

കൊച്ചി| ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ടെലിവിഷനുകളുടെയും അമിതോപയോഗവും പുറത്തെ വിനോദങ്ങളിൽ ഏർപ്പെടുന്നത് കുറയുന്നതും കുട്ടികളിൽ കാഴ്ച വൈകല്യമായ ഹ്രസ്വദൃഷ്ടി (മയോപിയ) വർധിക്കുന്നതിന് കാരണമാകുന്നുവെന്ന് പഠനം. മയോപിയയുടെ വ്യാപനവും ചികിത്സയും ശസ്ത്രക്രിയാ രീതികളും മറ്റ് നിയന്ത്രണ നടപടികളും ചർച്ച ചെയ്യുന്നതിന് കലൂർ ഐ എം എ ഹൗസിൽ നടന്ന നേത്രരോഗ ശസ്ത്രക്രിയാ വിദഗ്ധരുടെ ദേശീയ മയോപ്പിയ കോൺക്ലേവിലാണ് വിദഗ്ധരുടെ വിലയിരുത്തൽ.

നേത്രവൈകല്യം അവഗണിക്കുന്നത് ജീവിത നിലവാരത്തെയും പഠനത്തെയും സാരമായി ബാധിക്കും. മയോപിയ അധികരിക്കുന്നത് അന്ധത ഉൾപ്പെടെയുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. റിഫ്രാക്റ്റീവ്, മെഡിക്കൽ റെറ്റിന, സർജിക്കൽ റെറ്റിന, കോർണിയ, ന്യൂറോ ഒഫ്താൽമോളജി, പീഡിയാട്രിക് ഒഫ്താൽമോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ മയോപിയ നിയന്ത്രണം, ശസ്ത്രക്രിയ, രോഗ നിർണയത്തിലെ വെല്ലുവിളികൾ എന്നിവയിൽ ശാസ്ത്ര സെഷനുകൾ നടന്നു.

കേരള സ്റ്റേറ്റ് ഒഫ്താൽമിക് സർജൻസ് പ്രസിഡന്റ്ഡോ. സായികുമാർ എസ് ജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിർധനരായ കുട്ടികൾക്ക് സൗജന്യ കണ്ണട നൽകുന്ന പദ്ധതികൾ ആരോഗ്യമേഖല ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 40 ശതമാനം കുട്ടികൾ മാത്രമേ കാഴ്ച വൈകല്യങ്ങൾക്ക് കണ്ണട ഉപയോഗിക്കുന്നുള്ളൂ. കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രചാരണ പരിപാടികൾ നടത്തണം. സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം ഇതിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങിൽ ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. എ ഗിരിധർ, കൊച്ചിൻ ഒഫ്താൽമിക് ക്ലബ് പ്രസിഡന്റ് ഡോ. എസ് ശശികുമാർ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. വിനയ് എസ് പിള്ള, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. നീന ആർ സംസാരിച്ചു.

മൈക്രോ കെരാറ്റോം ലാസിക്, ഫാക്കിക് ഇൻട്രാ ഒക്കുലർ ലെൻസ് എന്നിവയെ കുറിച്ചുള്ള പ്രീ കോൺഫറൻസ് ശിൽപ്പശാലകളും നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പ്രമുഖ നേത്രരോഗ വിദഗ്ധരും ശസ്ത്രക്രിയാ വിദഗ്ധരും പങ്കെടുത്തു.

Latest