Kerala
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ചു;അണുബാധയെന്ന് ആരോപണം
ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി
ആലപ്പുഴ|ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. അണുബാധയേറ്റതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അതേസമയം, ഡയാലിസിസിനിടെ വിറയലും ഛര്‍ദ്ദിയും ഉണ്ടായ രണ്ട് പേര്‍ ചികിത്സയില്‍ തുടരുകയാണ്.
ആശുപത്രിയില്‍ നിന്നാണോ മറ്റെവിടെ നിന്നെങ്കിലുമാണോ രോഗികള്‍ക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അരുണ്‍ ജേക്കബ് വ്യക്തമാക്കി. ആശുപത്രിയില്‍ നിന്ന് അണുബാധ ഉണ്ടാകാനാണെങ്കില്‍ ഡയാലിസിസിന് ഉപയോഗിക്കുന്ന വെള്ളം, മെഷീന്‍ എന്നിവയില്‍ നിന്നാണ്. അത് എല്ലാ മാസവും പരിശോധിക്കാറുണ്ട്. ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോള്‍ തന്നെ വീണ്ടുമൊരു പരിശോധന നടത്തിയിരുന്നു. അതിന്റെ ഭാഗമായി വന്ന രണ്ട് റിപ്പോര്‍ട്ടിലും നെഗറ്റീവായിരുന്നു റിസള്‍ട്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഡിഎംഒ തലത്തിലുള്ള ഒരു അന്വേഷണം നടന്നിട്ടുണ്ട്. ഡിഎംഒ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഹൈലെവല്‍ കമ്മിറ്റി ഇന്ന് പരിശോധനയ്ക്ക് വരുന്നുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

