Uae
2026-നെ വരവേറ്റ് യു എ ഇ
ലോകത്തിന്റെ നെറുകയിൽ ബുർജ് ഖലീഫ
ദുബൈ | ലോകത്തെ വിസ്മയിപ്പിച്ച് വർണാഭമായ വെടിക്കെട്ടുകളോടെ യു എ ഇ 2026-നെ വരവേറ്റു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കേന്ദ്രീകരിച്ച് നടന്ന ആഘോഷങ്ങൾ കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് ഡൗൺടൗൺ ദുബൈയിൽ തടിച്ചുകൂടിയത്. 2025-ന് വിട നൽകി 2026 പിറന്ന നിമിഷം. ബുർജ് ഖലീഫയിൽ ലേസർ ഷോയും വെടിക്കെട്ടും സംയോജിപ്പിച്ചാണ് ഇത്തവണയും ആഘോഷം നടന്നത്. പ്രദർശനം കാണികളുടെ മനം കവർന്നു. ബുർജ് ഖലീഫക്ക് ചുറ്റുമുള്ള ജലധാരയും സംഗീതത്തിനൊത്ത് ചുവടുവെച്ചതോടെ ആഘോഷം ഇരട്ടിയായി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉച്ചകഴിഞ്ഞ് മുതൽ തന്നെ ഈ മേഖലയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു.
റാസ് അൽഖൈമയിലെ അൽ മർജാൻ ഐലൻഡിൽ നടന്ന വെടിക്കെട്ട് ലോക റെക്കോർഡുകൾ തിരുത്തുന്നതായിരുന്നു. കടലിന് മുകളിൽ ഡ്രോണുകളും വെടിക്കെട്ടും ഉപയോഗിച്ച് തീർത്ത ദൃശ്യവിരുന്ന് കാണാൻ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പത്ത് കിലോമീറ്ററിലധികം ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന വെടിക്കെട്ട് പ്രദർശനമാണ് ഇവിടെ ഒരുക്കിയത്.
തലസ്ഥാനമായ അബൂദബിയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ 40 മിനിറ്റിലധികം നീണ്ടുനിന്ന വെടിക്കെട്ട് നടന്നു. അൽ വത്ബയിലെ ആകാശത്ത് 5,000-ത്തിലധികം ഡ്രോണുകൾ അണിനിരന്നപ്പോൾ അത് പുതിയൊരു ചരിത്രമായി. അബൂദബി കോർണിഷിലും അൽ മരിയ ഐലൻഡിലും സമാനമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ദുബൈ ഗ്ലോബൽ വില്ലേജ്, പാം ജുമൈറ, ബ്ലൂവാട്ടേഴ്‌സ് ഐലൻഡ് എന്നിവിടങ്ങളിലും കരിമരുന്ന് പ്രയോഗങ്ങൾ നടന്നു. ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ടിലും ഖോർഫക്കാനിലും കുടുംബങ്ങൾ ഒത്തുചേർന്നു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം വലിയ ആവേശത്തോടെയാണ്പു തുവത്സരത്തെ വരവേറ്റത്. തിരക്ക് നിയന്ത്രിക്കാൻ ദുബൈ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ 40 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തുന്നുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് രാജ്യത്തുടനീളം പോലീസ് ഒരുക്കിയത്.



