Connect with us

local body election 2025

നിലമ്പൂരിലെ വി ഐ പി പോരാട്ടം കോവിലകത്തുമുറി ഡിവിഷനിൽ

ആകെ 910 വോട്ടര്‍മാരുള്ള ഡിവിഷനില്‍ 700ലധികം വോട്ടര്‍മാരാണ് സ്ഥലത്തുള്ളത്.

Published

|

Last Updated

നിലമ്പൂര്‍ | നഗരസഭയിലെ വി ഐ പി പോരാട്ടം കോവിലകത്തുമുറി ഡിവിഷനിൽ. നിലവിലെ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണനും നഗരസഭാ മുൻ അധ്യക്ഷ പത്മിനി ഗോപിനാഥുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. നിലവിലെ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോൾ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുൻ നഗരസഭാ അധ്യക്ഷയുമായ പത്മിനി ഗോപിനാഥാണ് യു ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. ഇരുമുന്നണികളും അധ്യക്ഷ സ്ഥാനാത്തേക്ക് പരിഗണിക്കുന്നവരാണ് രണ്ട് പേരും.

ആകെ 910 വോട്ടര്‍മാരുള്ള ഡിവിഷനില്‍ 700ലധികം വോട്ടര്‍മാരാണ് സ്ഥലത്തുള്ളത്. ഇവരെയെല്ലാവരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനാണ് ഇരുവരുടെയും ശ്രമം. ബി ജെ പിയുടെ ഗീത ഉള്ളാടത്തൊടിയും മത്സരരംഗത്തുണ്ട്.
അരുമ ജയകൃഷ്ണന്‍ മൂന്നാം തവണയാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും വിജയിച്ചിരുന്നു. കഴിഞ്ഞ തവണ എൽ ഡി എഫിന് നഗരസഭാ ഭരണം ലഭിച്ചപ്പോഴാണ് ഉപാധ്യക്ഷയായത്.

ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ ഭാരവാഹിയും സജീവ പ്രവര്‍ത്തകയുമാണ്. രണ്ടാം ഡിവിഷനിലെ വോട്ടർ കൂടിയായതിനാല്‍ പ്രചാരണത്തില്‍ എവിടെയും ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നത് പ്രചാരണം എളുപ്പമാക്കുന്നതായി അവര്‍ വ്യക്തമാക്കി.

നിലവില്‍ കോവിലകത്തുമുറി ഡിവിഷന്‍ ബി ജെ പിയുടെ കൈയിലാണെങ്കിലും അത് പിടിച്ചെടുക്കുക എന്ന ദൗത്യമാണ് അരുമയെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മത്സരത്തില്‍ നല്ല ആവേശമാണുള്ളതെന്നും ഇവര്‍ വ്യക്തമാക്കി. പത്മിനി ഗോപിനാഥ് എട്ടാം തവണയാണ് യു ഡി എഫ് പാനലിൽ രംഗത്ത് വരുന്നത്. ആദ്യ തവണ പരാജയപ്പെട്ടെങ്കിലും പിന്നീട് ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 1990ലാണ് അദ്യമായി രംഗത്തിറങ്ങിയത്. 2020ല്‍ മത്സരരംഗത്ത് നിന്ന് വിട്ടുനിന്നു.

കോവിലകത്തുമുറിയില്‍ ജനിച്ചുവളര്‍ന്ന പത്മിനി ഗോപിനാഥിനെ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.
താന്‍ ആരാണെന്ന് നാട്ടുകാര്‍ക്കറിയാമെന്നും രാഷ്ട്രീയത്തിനപ്പുറം പ്രദേശത്തുകാരി എന്ന പരിഗണന ലഭിക്കുന്നുണ്ടെന്നും പത്മിനി ഗോപിനാഥ് പറഞ്ഞു.

Latest