Kasargod
ബാറില്‍ ബഹളുമുണ്ടാക്കിയയാളെ പിടികൂടാനെത്തിയ പോലീസുകാര്‍ക്കെതിരെ അക്രമം; എസ് ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

കാസര്‍കോട് | ബാറില്‍ മദ്യപിച്ച് ബഹളം വച്ചയാളെ പിടികൂടാനെത്തിയ പോലീസിന് നേരെയുണ്ടായ അക്രമത്തില്‍ എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു. നുള്ളിപ്പാടിയില്‍ ദേശീയ പാതക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിലാണ് സംഭവം.
മദ്യപിച്ച് ഒരാള്‍ ബഹളം വക്കുന്നതായി ബാര്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ഫ്ളൈയിങ് സ്‌ക്വാഡിലെ കോണ്‍സ്റ്റബിളിനെയും ഡ്രൈവറെയും ബാറിലുണ്ടിരുന്ന ബദ്രിയ സ്വദേശി മുനീര്‍ എന്ന മുന്ന ആക്രമിക്കുകയായിരുന്നു. ഇതിനു പിന്നാലെ ടൗണ്‍ എസ്ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാര്‍ ഇവിടേക്കെത്തി. ഇതിനിടെ, ബാറില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഒരു കാറിന്റെ വൈപ്പര്‍ അഴിച്ച് പോലീസിനെ ആക്രമിച്ചു. ഇതില്‍ ടൗണ്‍ എസ് ഐ. വിഷ്ണുപ്രസാദിന്റെ നെറ്റിക്ക് പരുക്കേറ്റു. വിഷ്ണുപ്രസാദിനെയും പരുക്കേറ്റ മറ്റ് മൂന്ന് പോലീസുകാരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമം നടത്തിയ മുന്നയെ പിന്നീട് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പത്തോളം കേസുകളില്‍ പ്രതിയാണ് മുന്ന. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.