Connect with us

National

വിജയ് മല്യയും നീരവ് മോദിയും ഉള്‍പ്പെടെയുള്ളവര്‍ ബേങ്കുകള്‍ക്ക് വരുത്തിയത് 58,000 കോടി രൂപയുടെ നഷ്ടം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം

ആസ്തികള്‍ കണ്ടുകെട്ടിയും വസ്തുവകകളുടെ ലേലത്തിലൂടെയും മറ്റും ബേങ്കുകള്‍ ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബേങ്കുകളില്‍ നിന്നെടുത്ത വായ്പയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചു. വിജയ് മല്യ, നീരവ് മോദി, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പെടെ 15 കുറ്റവാളികളുടെ വായ്പാ വിവരങ്ങളാണ് സമര്‍പ്പിച്ചത്. മുതലും പലിശയുമടക്കം 58,000 കോടി രൂപയുടെ കുടിശ്ശികയാണ് ഇവര്‍ക്കുള്ളത്. ഇതില്‍ ആസ്തികള്‍ കണ്ടുകെട്ടിയും വസ്തുവകകളുടെ ലേലത്തിലൂടെയും മറ്റും ബേങ്കുകള്‍ ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു.

സാമ്പത്തിക കുറ്റകൃത്യം ചെയ്ത 15 പേരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. 2025 ഒക്ടോബര്‍ 31 വരെ ബേങ്കുകള്‍ക്ക് മുതല്‍ ഇനത്തില്‍ മാത്രം 26,645 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഇവര്‍ വരുത്തിയത്. ഈ വായ്പകളുടെ പലിശ ഇനത്തില്‍ 31,437 കോടി രൂപയും കുടിശ്ശികയുണ്ട്. ഇതുള്‍പ്പെടെയാണ് 58,000 കോടി രൂപയുടെ നഷ്ടം ഇവര്‍ ബേങ്കുകള്‍ക്ക് വരുത്തിയിരിക്കുന്നത്.

15 പേരില്‍ വിജയ് മല്യ, നീരവ് മോദി ഉള്‍പ്പെടെയുള്ള ഒമ്പത് പേര്‍ പൊതുമേഖലാ ബേങ്കുകള്‍ക്കെതിരായ വന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതികളാണ്. 2025 ഒക്ടോബര്‍ 31 വരെ ഇവരില്‍ നിന്ന് 19,187 കോടി രൂപ തിരിച്ചുപിടിച്ചതായിം ചൗധരി സഭയില്‍ വെളിപ്പെടുത്തി.

വിജയ് മല്യ മാത്രം വിവിധ ബേങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ട്. ഇതില്‍ 14,000 കോടിയിലധികം രൂപ ആസ്തികള്‍ പിടിച്ചെടുത്തും വിറ്റഴിച്ചും ബേങ്കുകള്‍ വീണ്ടെടുത്തു. നീരവ് മോദിക്ക് 9,656 കോടി രൂപയുടെ കുടിശ്ശികയുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഇതുവരെ 545 കോടി രൂപ ബേങ്കുകള്‍ വീണ്ടെടുത്തിട്ടുണ്ട്.

Latest