Connect with us

From the print

തിരഞ്ഞെടുപ്പ് പ്രചാരണം: ഇവ ശ്രദ്ധിച്ചില്ലേല്‍ പണികിട്ടും...

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഭിന്നതകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നതോ പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ പാടില്ല.

Published

|

Last Updated

മലപ്പുറം | തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഭിന്നതകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നതോ പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ വിവിധ ജാതിക്കാര്‍, സമുദായങ്ങള്‍, മതക്കാര്‍, ഭാഷാ വിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.

മറ്റു നിര്‍ദേശങ്ങള്‍:
• മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങള്‍, പരിപാടികള്‍, പൂര്‍വകാല ചരിത്രം, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഒതുങ്ങി നില്‍ക്കണം.

• നേതാക്കളുടെയോ സ്ഥാനാര്‍ഥികളുടെയോ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാന്‍ പാടില്ല.

• അടിസ്ഥാന രഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് കക്ഷികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കരുത്.

• ജാതിയെയോ സാമുദായിക വികാരങ്ങളെയോ മുന്‍നിര്‍ത്തി വോട്ടഭ്യര്‍ഥിക്കാന്‍ പാടില്ല.

• ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗിക്കരുത്.

• ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്താന്‍ പാടില്ല.

• വോട്ടര്‍മാര്‍ക്ക് പണമോ മറ്റു പാരിതോഷികങ്ങളോ നല്‍കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുക എന്നിവ കുറ്റകരമാണ്.

• വ്യക്തിയുടെ രാഷ്ടീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എത്ര തന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അവകാശത്തെ മാനിക്കേണ്ടതാണ്.

• വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികള്‍ അവലംബിക്കരുത്.

• സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കരുത്.

• സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും മറ്റു പൊതു ഇടങ്ങളിലും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല.

• പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളവ നീക്കം ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കില്‍ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കുകയും ചെയ്യും.

• നിയമവ്യവസ്ഥകളും കോടതി ഉത്തരവുകളും പാലിച്ചായിരിക്കണം പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കേണ്ടത്.

• വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ല.

• ഉപയോഗിക്കുന്ന ഉച്ചഭാഷിണി, വാഹനം എന്നിവക്ക് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

 

Latest