From the print
ഉമീദ്: ഇനി നാല് ദിവസം; പ്രതിസന്ധി രൂക്ഷം
പൂര്‍ത്തിയായത് മൂന്നിലൊന്ന്.
കോഴിക്കോട് | പുതിയ കേന്ദ്ര വഖ്ഫ് നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍വന്ന വഖ്ഫ് പോര്‍ട്ടലില്‍ ഉമീദ് രജിസ്ട്രേഷനുള്ള സമയപരിധി നീട്ടണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെ വഖ്ഫ് സ്വത്തുക്കളുടെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉമീദില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത ഓരോ വഖ്ഫ് മുതവല്ലിയും വഖ്ഫ് ട്രൈബ്യൂണലിനെ സമീപിച്ച് രജിസ്ട്രേഷന് കൂടുതല്‍ സമയം ആവശ്യപ്പെടേണ്ടി വരും. ഈ മാസം അഞ്ചിന് രാത്രി 12 വരെയാണ് രജിസ്ട്രേഷനുള്ള അവസാന സമയം.
1.82 ലക്ഷം വഖ്ഫ് സ്വത്തുക്കളാണ് രാജ്യത്തുള്ളത്. ഇതില്‍ ചെറിയൊരു ശതമാനം വഖ്ഫുകള്‍ മാത്രമാണ് ഉമീദില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് മൊത്തം 13,000ത്തോളം വഖ്ഫ് സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ നാലായിരത്തോളം മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വഖ്ഫ് സ്വത്തുക്കളുള്ളത്. രാജ്യത്ത് കര്‍ണാടകയും ജമ്മു കശ്മീരുമാണ് രജിസ്ട്രേഷന്റെ കാര്യത്തില്‍ അല്‍പ്പം മുന്നിലെത്തിയത്. ഏറ്റവും കൂടുതല്‍ വഖ്ഫുകളുള്ള ഉത്തര്‍പ്രദേശ് രജിസ്ട്രേഷന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്.
2025 ജൂണ്‍ ആറിനാണ് ഉമീദ് വഖ്ഫ് പോര്‍ട്ടല്‍ നിലവില്‍ വന്നത്. ഒട്ടും പൂര്‍ണമല്ലാത്ത രീതിയിലായിരുന്ന വെബ്സൈറ്റ് പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വഖ്ഫ് ബോര്‍ഡ് കേന്ദ്രത്തില്‍ പലതവണ സമ്മര്‍ദം ചെലുത്തിയിരുന്നു. കേന്ദ്ര സംഘം കേരളത്തിലെത്തുകയും കേരളത്തിന്റെ കൂടി നിര്‍ദേശം കണക്കിലെടുത്ത് തിരുത്തലുകള്‍ വരുത്തുകയും ചെയ്തതിന് ശേഷമുള്ളതാണ് പുതിയ പോര്‍ട്ടല്‍. രാജ്യത്തെ ആയിരക്കണക്കിന് വഖ്ഫുകള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നിരിക്കെ സമയപരിധി നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് കേരള വഖ്ഫ് ബോര്‍ഡ് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നുവെങ്കിലും പരിഗണിച്ചില്ല.
വഖ്ഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ഉമീദ് സെന്‍ട്രല്‍ പോര്‍ട്ടല്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം അവതരിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്യുന്ന ഫോണ്‍ നമ്പറിലേക്ക് വരുന്ന ഒ ടി പി മുഖേനയാണ് തുടര്‍ന്നുള്ള എന്‍ട്രികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുക. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ 17 അക്ക ഏകീകൃത ഐ ഡി നമ്പര്‍ ലഭിക്കും.
അതേസമയം, ഉമീദ് പോര്‍ട്ടലില്‍ വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ വഖ്ഫ് മുതവല്ലിമാരും കമ്മിറ്റി ഭാരവാഹികളും വലിയ പ്രയാസമനുഭവിക്കുകയാണ്. പോര്‍ട്ടലില്‍ ആവശ്യപ്പെടുന്ന രേഖകളില്‍ പലതും ശരിപ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പം സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മിക്ക സമയങ്ങളിലും പോര്‍ട്ടല്‍ ഹാംഗ് ആകുന്ന അവസ്ഥയാണ്.
അര്‍ധരാത്രിയിലടക്കം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ രജിസ്ട്രേഷനുള്ള പരിശീലനം നല്‍കിയിരുന്നു.



