Kerala
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍
പത്തനംതിട്ട ചെറുകോല്‍ വില്ലേജ് ഓഫീസര്‍ രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട | കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. പത്തനംതിട്ട ചെറുകോല്‍ വില്ലേജ് ഓഫീസര്‍ രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ ഷാജി ജോണ്‍ എന്നയാള്‍ കഴിഞ്ഞമാസം പകുതിയോടെ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ എത്തി തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടുന്നതിന് അപേക്ഷ നല്‍കിയിരുന്നു. നാല് തവണ നേരിട്ട് എത്തിയും നിരവധി തവണ ഫോണ്‍ മുഖേനയും പോക്കുവരവിനെ കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോള്‍ ഇത് ബുദ്ധിമുട്ടുള്ള കേസാണെന്ന് പറയുകയും പരാതിക്കാരനോട് കൈയില്‍ കുറച്ച് പണം കരുതിക്കോണം എന്നു പറയുകയും ചെയ്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസില്‍ എത്തിയ ഷാജി ജോണിനോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ജിനു കൈക്കൂലിക്കു കൈനീട്ടുകയും, പരാതിക്കാരന്‍ 500 രൂപ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതുപോരെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് എത്രയാണ് വേണ്ടതെന്ന് ഷാജി ചോദിച്ചു. 5,000 രൂപ വേണമെന്നായിരുന്നു വില്ലേജ് ഓഫീസറായ രാജീവിന്റെ മറുപടി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റായ ജിനുവിന്റെ മിസ്ഡ് കോള്‍ കണ്ട് തിരികെ വിളിച്ചപ്പോള്‍ പറഞ്ഞ കൈക്കൂലിയുമായി എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉച്ചയോടെ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ എത്തിയാല്‍ ശരിയാക്കിത്തരാം എന്നും അറിയിച്ചു. ഈ വിവരം ഷാജി പത്തനംതിട്ട യൂണിറ്റ് വിജിലന്‍സ് ഡി വൈ എസ് പി. ഹരി വിദ്യാധരനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് 12ഓടെ ചെറുകോല്‍ വില്ലേജ് ഓഫീസിനകത്ത് വച്ച് പരാതിക്കാരനില്‍ നിന്നും 5000 രൂപ വില്ലേജ് ഫീല്‍ഡ് അസ്സിസ്റ്റന്റായ ജിനുവും വില്ലേജ് ഓഫീസറായ രാജീവും കൈപ്പറ്റവെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പത്തനംതിട്ട വിജിലന്‍സ് നേരിട്ട് കൈക്കൂലി വാങ്ങുന്നവരെ പിടികൂടുന്ന രണ്ടാമത്തെ കേസാണിത്. വിജിലന്‍സ് സംഘത്തില്‍ ഡി വൈ എസ് പി. ഹരി വിദ്യാധരനെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ രാജീവന്‍, അനില്‍ കുമാര്‍, അഷറഫ്, സബ് ഇന്‍സ്പെക്ടര്‍മാരായ ജലാലുദ്ദീന്‍ റാവുത്തര്‍, സി പി ഒമാരായ രാജേഷ് കുമാര്‍, ഷാജി പി ജോണ്‍, ഹരിലാല്‍, അനീഷ് രാമചന്ദ്രന്‍, അനീഷ് മോഹന്‍, ഗോപകുമാര്‍, ജിനു, അജീര്‍, അജീഷ്, രാജീവ്, വിനീത് തുടങ്ങിയവരും ഉണ്ടായിരുന്നു.