Kerala
കൊല്ലം കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; എട്ടുപേര്‍ പിടിയില്‍
കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്
കൊല്ലം| കൊല്ലംകോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എട്ട് പ്രതികള്‍ പിടിയില്‍. ഓച്ചിറ സ്വദേശികളായ പ്രതികളെ കരുനാഗപ്പള്ളി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഓച്ചിറ സ്വദേശികളായ അമ്പാടി, റോഷന്‍, അനന്ദകൃഷ്ണന്‍, അജിത്, ഹരികൃഷ്ണന്‍, ഡിപിന്‍, മണപള്ളി സ്വദേശി മനോഷ്, അഖില്‍ എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കരുനാഗപ്പള്ളിയിലെ ജിം സന്തോഷ് കൊലക്കേസ് വിചാരണ തടവുകാരായ പ്രതികളുടെ ദൃശ്യങ്ങളാണ് അറസ്റ്റിലായവര്‍ റീല്‍സെടുത്ത് പ്രചരിപ്പിച്ചത്. ജൂലൈ 28 നാണ് സംഭവം. സന്തോഷ് കൊലക്കേസിലെ വിചാരണ തടവുകാരായ അതുല്‍, മനു എന്നിവരെ കരുനാഗപ്പള്ളി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചിരുന്നു. ഈ സമയത്ത് കോടതി വളപ്പില്‍ എത്തിയ പ്രതികളുടെ സുഹൃത്തുക്കള്‍ ചട്ട വിരുദ്ധമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയും നിരോധിത ഉല്‍പ്പന്നങ്ങള്‍ വിചാരണ തടവുകാര്‍ക്ക് കൈമാറുകയും ചെയ്തു.
ദൃശ്യങ്ങള്‍ റീല്‍സായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കോടതി നിര്‍ദേശ പ്രകാരമുള്ള പോലീസ് നടപടി. പ്രതികള്‍ സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കി എന്നതാണ് കോടതി നിരീക്ഷണം. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ എട്ടു പ്രതികളെയും റിമാന്‍ഡ് ചെയ്തു.


