Connect with us

madras high court judge

സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെ വിക്ടോറിയ ഗൗരി ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; ഹരജി തള്ളി

ജഡ്ജിയാകാനുള്ള അനുയോജ്യതയല്ല യോഗ്യതയാണ് തങ്ങൾ പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്തു. ഇവരുടെ നിയമനത്തിനെതിരായ ഹരജിയിൽ സുപ്രീം കോടതി അടിയന്തര വാദം കേൾക്കുന്ന ഘട്ടത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ പൂർത്തിയായി മിനുട്ടുകൾക്കുള്ളിൽ, ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.

ജഡ്ജിയാകാനുള്ള അനുയോജ്യതയല്ല യോഗ്യതയാണ് തങ്ങൾ പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയ പശ്ചാത്തലമുള്ളവർ ജഡ്ജിമാരായ ചരിത്രമുണ്ടെന്നും അവർ പറഞ്ഞു. തനിക്ക് തന്നെ രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നെന്ന് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു. എന്നാൽ, തൻ്റെ വാദം അങ്ങനെയല്ലെന്നും യോഗ്യതയെ സംബന്ധിച്ച് തന്നെയാണെന്നും ആരോപണവിധേയ നേരത്തേ വിദ്വേഷ പ്രസംഗം അടക്കമുള്ള ഗുരുതര അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത് ഭരണഘടനക്ക് പൂർണമായും എതിരാണെന്നും ഹരജിക്കാർക്ക് വേണ്ടി രാജു രാമചന്ദ്രൻ വാദിച്ചു. കൊളീജിയം ഇക്കാര്യം അറിഞ്ഞില്ലേയെന്ന് കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ കൊളീജിയം പരിഗണിച്ചില്ല എന്ന് കരുതാനാകില്ല. മാത്രമല്ല, അഡീഷനൽ ജഡ്ജിയായാണ് വിക്ടോറിയ ഗൗരി നിയമിക്കപ്പെട്ടതെന്നും അഡീഷനൽ ജഡ്ജിമാരെ സ്ഥിരമാക്കാതിരുന്ന സംഭവങ്ങൾ നേരത്തേയുണ്ടായിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മിനുട്ടുകൾക്ക് മുമ്പാണ് ഹരജി പരിഗണിച്ചത്. നേരത്തേ 9.30ന് ഹരജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നെങ്കിലും 10.30ന് മാത്രമെ പരിഗണിക്കൂവെന്നാണ് ഒടുവിലെ അറിയിപ്പ്. എന്നാൽ, 10.25ന് ജഡ്ജിമാർ ചേംബറിലെത്തുകയും കോടതി ആരംഭിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതിയിൽ 10.30ന് ശേഷമായിരുന്നു സത്യപ്രതിജ്ഞ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി പരിഗണിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്.

ലക്ഷ്മണ ചന്ദ്രയെ ജഡ്ജിയായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് വെള്ളിയാഴ്ചയില്‍ നിന്ന് ഇന്നത്തേക്ക് സുപ്രീം കോടതി ഹരജി മാറ്റിയത്. കേന്ദ്ര സര്‍ക്കാറിന്റെ നോമിനിയായാണ് അവര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ജഡ്ജിയാകുന്നത്. ബി ജെ പിയുമായി അടുത്ത ബന്ധമുള്ള ലക്ഷ്മണ ചന്ദ്ര വിവിധ വിവാദങ്ങളിൽ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ ഇവര്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതായി ബാര്‍ അംഗങ്ങള്‍ തന്നെ പറയുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ബാര്‍ അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു.