National
ബിഹാറില്‍ വെടിവെപ്പ്; ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ദുലാര്‍ചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. കാറില്‍ നിന്നാണ് അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ത്തത്.
ന്യൂഡല്‍ഹി | ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവെപ്പ്. പറ്റ്‌നയിലെ മൊകാമ മേഖലയിലുണ്ടായ വെടിവെപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദുലാര്‍ചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.
വാഹന റാലിക്കിടെയായിരുന്നു സംഭവം. കാറില്‍ നിന്നാണ് അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ത്തത്. ഇരുഭാഗത്തു നിന്നും വെടിവെപ്പുണ്ടായതായി പോലീസ് പറയുന്നു. അക്രമത്തിനു പിന്നില്‍ ജെ ഡി യു പ്രവര്‍ത്തകരാണെന്ന് ജന്‍ സുരാജ് പാര്‍ട്ടി ആരോപിച്ചു.
സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും കൃത്യമായ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ബാര്‍ഹ്-2 സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അഭിഷേക് സിങ് പറഞ്ഞു.
നവം: ആറ്, 11 തിയ്യതികളിലായി രണ്ട് ഘട്ടമായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവം: 14നാണ് വോട്ടെണ്ണല്‍.




