Kerala
വേണുവിന്റെ മരണം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു
വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് വന്നത്.
തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന ചികിത്സ രേഖ പുറത്ത്. മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് വന്നത്. വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ സാധാരണ നിലയിലായിരുന്നു. ക്രിയാറ്റിന്‍ കൂടിയതുകൊണ്ട് ആന്‍ജിയോഗ്രാം സാധ്യമാകുമായിരുന്നില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലം പന്‍മന സ്വദേശി വേണു (48) മരിച്ചത്. അടിയന്തര ആന്‍ജിയോഗ്രാം നടത്തേണ്ട വേണുവിന് അഞ്ചുദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് വേണുവിന്റെ മരണ കാരണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എന്നാല്‍ ചികിത്സ സംബന്ധിച്ച് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മികച്ച ചികിത്സ ഉറപ്പാക്കിയെന്നുമായിരുന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം. അതേസമയം ചികിത്സ കിട്ടിയില്ലെന്ന വേണുവിന്റെ തന്നെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.


