Ongoing News
റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ജീവനക്കാര്‍ ഏറ്റുമുട്ടി
ട്രെയിനില്‍ കുടിവെള്ള ബോക്‌സ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണു വെള്ളിയാഴ്ച പുലര്‍ച്ചെ ഹസ്‌റത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ജീവനക്കാര്‍ തമ്മില്‍ തല്ലിയത്

ന്യൂഡല്‍ഹി | ഹസ്‌റത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടിയ ജീവനക്കാരെ പിരിച്ചുവിടാനും അഞ്ച് ലക്ഷം രൂപ ഇവരില്‍ നിന്ന് പിഴയീടാക്കാനും നിര്‍ദ്ദേശം നല്‍കിയതായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ അറിയിച്ചു.
ട്രെയിനില്‍ കുടിവെള്ള ബോക്‌സ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണു വെള്ളിയാഴ്ച പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ജീവനക്കാര്‍ തമ്മില്‍ തല്ലിയത്. പുലര്‍ച്ചെ പുറപ്പെടാനുള്ള ഖജുരാഹോ വന്ദേഭാരതിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ചവറ് ബോക്‌സും കയ്യില്‍ കിട്ടിയ വടികളും ചെരിപ്പും ബെല്‍ട്ടും ഉപയോഗിച്ചായിരുന്നു ചേരി തിരിഞ്ഞ് ജീവനക്കാര്‍ ഏറ്റുമുട്ടിയത്. തമ്മില്‍ തല്ലില്‍ ഭീതിപൂണ്ട് യാത്രക്കാര്‍ ഓടുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഏഴാ പ്ലാറ്റ്‌ഫോമിലായിരുന്നു സംഘര്‍ഷമുണ്ടായത്. പാന്‍ട്രി അസിസ്റ്റന്റുമാര്‍ തമ്മില്‍ വെള്ളം ട്രെയിനിലേക്ക് എടുത്ത് വയ്ക്കുന്നതിനിടിലുണ്ടായ വാക്കേറ്റമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്.
എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രശ്‌നം ശ്രദ്ധയില്‍ വന്നതായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ പ്രതികരിച്ചു. അടി തുടങ്ങി വച്ച നാല് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ ഐഡി കാര്‍ഡുകള്‍ മരവിപ്പിച്ചതായി റെയില്‍വേ പോലീസ് വിശദമാക്കി. ജോലിയില്‍ നിന്ന് പിരിച്ച് വിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.