Connect with us

Kerala

സഹപാഠിയുടെ വീട്ടിലെത്തി 36 പവന്‍ സ്വര്‍ണം കവര്‍ന്ന ആന്ധ്ര സ്വദേശിനി പിടിയില്‍

ബേപ്പൂര്‍ സ്വദേശിനി ഗായത്രിയുടെ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്ന സൗജന്യയെയാണ് പോലീസ് ആസൂത്രിതമായി വലയിലാക്കിയത്

Published

|

Last Updated

കോഴിക്കോട് | സഹപാഠിയുടെ വീട്ടില്‍ താമസിക്കാനെത്തി 36 പവന്‍ സ്വര്‍ണം മോഷ്ടിച്ചു കടന്നു കളഞ്ഞ ആന്ധ്രസ്വദേശിനിയെ രണ്ടുമാസത്തിനു ശേഷം പോലീസ് പിടികൂടി. ബേപ്പൂര്‍ സ്വദേശിനി ഗായത്രിയുടെ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്ന സൗജന്യയെയാണ് പോലീസ് ആസൂത്രിതമായി വലയിലാക്കിയത്.

പ്രൊജക്ട് ചെയ്യാനായി സഹപാഠിയും സുഹൃത്തുമായ ഗായത്രിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സൗജന്യ ജൂലൈ 19ന് സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞത്. എം എസ്സി സൈക്കോളജിക്കു ബെംഗളൂരുവില്‍ പഠിക്കുകയായിരുന്നു ഇരുവരും. പ്രൊജക്ടിന്റെ ആവശ്യത്തിനായി മാര്‍ച്ചിലും ജൂലൈയിലുമായി രണ്ട് തവണയാണ് ബേപ്പൂരിലെ ഗായത്രിയുടെ വീട്ടില്‍ സൗജന്യ എത്തിയത്.

ഗായത്രിയുമായുള്ള സൗഹൃദം മുതലെടുത്ത് കിടപ്പുമുറിയില്‍ സൂക്ഷിച്ച 36 പവന്‍ സ്വര്‍ണമാണ് സൗജന്യ മോഷ്ടിച്ചത്. പിന്നാലെ ബെംഗളൂരുവിലെ കോളജില്‍ എത്തിയ ശേഷം സൈന്യത്തില്‍ ജോലി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് കോളജില്‍ നിന്നു പോയി. മോഷ്ടിച്ച സ്വര്‍ണം ഹൈദരാബാദിലും വിജയവാഡയിലും വിവിധ ബാങ്കുകളില്‍ പണയം വച്ചു. കിട്ടിയ പണവുമായി സൗജന്യ രാജ്യം വിട്ടു.

ടാന്‍സാനിയയിലുള്ള ബന്ധുവിനോടൊപ്പമാണ് ഒന്നരമാസം സൗജന്യ താമസിച്ചത്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴാണ് പോലീസിന് വിവരം ലഭിച്ചത്. ഗുജറാത്തില്‍ നിന്ന് മുംബൈയില്‍ എത്തിയ പ്രതി ഹൈദരാബാദിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റ്. മൂന്ന് സംഘങ്ങളായി അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിലയുറപ്പിച്ചിരുന്ന ഫറോക്ക് സ്‌ക്വാഡും ബേപ്പൂര്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്. ഇന്ന് ബേപ്പൂരിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest