Connect with us

local body election 2025

വടകര നഗരസഭ; മുപ്പത് സീറ്റ് നേടി തുടര്‍ഭരണം ഉണ്ടാകുമെന്ന് എല്‍ ഡി എഫ്

ആത്മവിശ്വാസത്തോടെയും അഭിമാനത്തോട് കൂടിയുമാണ് എല്‍ ഡി എഫ് ജനങ്ങളെ സമീപിച്ച് വോട്ടഭ്യർഥിക്കുന്നത്.

Published

|

Last Updated

വടകര | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വടകര നഗര സഭയില്‍ മുപ്പത് സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വടകര പത്ര പ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച “തദ്ദേശം-2025′ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

ആത്മവിശ്വാസത്തോടെയും അഭിമാനത്തോട് കൂടിയുമാണ് എല്‍ ഡി എഫ് ജനങ്ങളെ സമീപിച്ച് വോട്ടഭ്യർഥിക്കുന്നത്. കഴിഞ്ഞ ഭരണസമിതി അധികാരത്തിലെത്തും മുന്പ് പറഞ്ഞ 115 വാഗ്ദാനങ്ങളില്‍ 109 എണ്ണവും വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ നടന്നു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികളായ അതിദാരിദ്ര്യ മുക്ത നഗരസഭ, പാര്‍പ്പിടം ഇല്ലാത്ത എല്ലാവര്‍ക്കും പാര്‍പ്പിടം എന്നിവ വിജയകരമായി നടപ്പിലാക്കി. വീടുകള്‍ ഇല്ലാത്ത 779 പേര്‍ക്ക് വീടുകള്‍ നല്‍കി. 11,000ത്തിലേറെ പേര്‍ക്ക് പെന്‍ഷന്‍ നല്‍കിയതിലൂടെ വലിയ ഇടപെടല്‍ നടത്തിയതായും നേതാക്കള്‍ പറഞ്ഞു.

മാലിന്യമുക്ത പദ്ധതിക്കായി പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ നിരവധി പുരസ്‌കാരങ്ങളും നഗരസഭ നേടിയെടുത്തു.ജലബജറ്റ് ആദ്യമായി അവതരിപ്പിച്ച നഗരസഭ, സ്‌പെയ്‌സ് പദ്ധതിയിലൂടെ എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പുകള്‍ വടകരയിലെ വിദ്യാർഥികള്‍ നേടിയതായും ഇവര്‍ അവകാശപ്പെട്ടു. പാലിയേറ്റീവ് രംഗത്ത് നഗരസഭ നടപ്പാക്കിയ “അരികെ’ പദ്ധതി സംസ്ഥാനം തന്നെ ഏറ്റെടുത്ത പദ്ധതിയാക്കി മാറ്റി. കൂടാതെ നഗരസഭാ സാംസ്‌കാരിക ചത്വരം, സാംസ്‌കാരിക അക്കാദമി രൂപവത്കരണം, 1200ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കിയ നീന്തൽക്കുളം എന്നിവ അടക്കമുള്ള നിരവധി വികസന പദ്ധതികളാണ് കഴിഞ്ഞ ഭരണ സമിതി നടപ്പിലാക്കിയതെന്ന് ഇവര്‍ പറഞ്ഞു.

നഗരസഭയിലെ ജീവനക്കാര്‍ വ്യാപകമായി അഴിമതി നടത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, അഴിമതിരഹിത നഗരസഭയാക്കി മാറ്റിയെടുത്തെന്നും എൻജിനീയറിംഗ് വിഭാഗത്തില്‍ ജീവനക്കാര്‍ സ്ഥലംമാറി വരുന്നുണ്ടെന്നും അവരോടെല്ലാം തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിലവിലത്തെ ചെയര്‍പേഴ്‌സൻ കെ പി ബിന്ദു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തു നിന്നോ, പൊതുജനങ്ങളില്‍ നിന്നോ പരാതിയൊന്നും വന്നിട്ടില്ല. ഏറ്റവും നല്ല രീതിയില്‍ ഇടപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നപ്പോള്‍ സര്‍ക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും താത്കാലികമായി സസ്പെന്‍ഷന്‍ പിന്‍വലിക്കുകയാണുണ്ടായതെന്നും നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും ബിന്ദു പറഞ്ഞു.

മുന്‍ നഗരസഭാ ചെയര്‍മാന്റെ പരസ്യ പ്രതികരണം ഇതിന്റെ ഭാഗമല്ലേ എന്ന ചോദ്യത്തിന് ഇതില്‍ താന്‍ അഭിപ്രായം പറയില്ലെന്നും ബിന്ദു പറഞ്ഞു. ലിങ്ക് റോഡ് ബസ് സ്റ്റാന്‍ഡ് ആക്കി മാറ്റിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വടകര- വില്യാപ്പള്ളി- ചേലക്കാട് റോഡ് വികസനം യാഥാര്‍ഥ്യമായാല്‍ മാര്‍ക്കറ്റ് റോഡ് വഴി ബസ് സർവീസുകള്‍ പഴയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. നഗരത്തിലെ കച്ചവട സമൂഹം പ്രതിസന്ധിയിലായ സംഭവത്തില്‍ സമഗ്ര അഴുക്ക് ചാല്‍ പദ്ധതി നടപ്പിലാകുന്നതോടെ ഇതിനൊരു പരിഹാരമാകുമെന്നും നിലവില്‍ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാലാണ് പദ്ധതി നടപ്പാക്കാന്‍ പ്രയാസമുണ്ടാകുന്നതെന്നും ഇവര്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷം മുന്പ് തുടക്കം കുറിച്ച നാരായണ നഗറിലെ ബി ഒ ടി മാള്‍ തുറന്ന് പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇരുപത്തിയാറര വര്‍ഷത്തെ എഗ്രിമെന്റാണ് ഹോളിഡേ ഗ്രൂപ്പുമായി ഉണ്ടാക്കിയത്. അവര്‍ക്ക് മൊത്തമായി കെട്ടിടം വാടകക്ക് നല്‍കാന്‍ കഴിയാത്തതിനാലാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്. 22,32,000 രൂപ ഹോളിഡേ ഗ്രൂപ്പ് വര്‍ഷാവര്‍ഷം നഗരസഭക്ക് നല്‍കുന്നുണ്ടെന്നും എഗ്രിമെന്റ് കാലാവധി അവസാനിച്ചാല്‍ തിരികെ നഗരസഭ ഏറ്റെടുക്കുമെന്നും ഇവര്‍ പറഞ്ഞു.

എല്‍ ഡി എഫ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി കുമാരന്‍, കെ സി പവിത്രന്‍, കെ പി ബിന്ദു പങ്കെടുത്തു . വടകര പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് വി പി പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത്ത് വളയം സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest