Connect with us

Kerala

നിരോധിത കീടനാശിനികളുടെ ഉപയോഗം: കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ രാധാകൃഷ്ണന്‍ എം പി

നിരോധിച്ച രാസവസ്തുക്കള്‍ നിരവധി കര്‍ഷകര്‍ ഇപ്പോഴും ഉപയോഗിക്കുന്നതായി എം പി

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് നിരോധിക്കപ്പെട്ടതും അംഗീകരിക്കപ്പെടാത്തതുമായ കീടനാശിനികളുടെ ഉപയോഗം തുടരുന്ന സ്ഥിതിയെ കുറിച്ചുള്ള ഗുരുതരമായ സ്ഥിതിവിവരങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം വിഷയം ഉന്നയിച്ചു കെ രാധാകൃഷ്ണന്‍ എം പി. കേന്ദ്രസര്‍ക്കാരും സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡും നിരോധിച്ച രാസവസ്തുക്കള്‍ നിരവധി കര്‍ഷകര്‍ ഇപ്പോഴും ഉപയോഗിക്കുന്നതായി എം പി ചൂണ്ടിക്കാട്ടി.

അധികൃത ഡാറ്റ പ്രകാരം കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3,60,614 പെസ്റ്റിസൈഡ് സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 9,233 സാമ്പിളുകളില്‍ നിരോധിക്കപ്പെട്ട അല്ലെങ്കില്‍ അംഗീകരിക്കാത്ത കീടനാശിനികള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 2024-ല്‍ മാത്രം 45,837 സാമ്പിളുകള്‍ പരിശോധിക്കപ്പെട്ടു, അതില്‍ 1,753 ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഈ രാസവസ്തുക്കള്‍ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യത്തിനും പ്രകൃതിയ്ക്കും ഗൗരവമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നിരവധി മരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തില്‍ രണ്ട് മരണങ്ങള്‍ അടുത്തകാലത്ത് ഇക്കാരണത്താല്‍ സംഭവിച്ചതായി എം പി ചൂണ്ടിക്കാട്ടി.

ഈ പശ്ചാത്തലത്തില്‍ കര്‍ശനമായ നിരീക്ഷണവും നിയമവിരുദ്ധ ഉപയോഗങ്ങള്‍ തടയാനുള്ള ശക്തമായ നടപടികളും അനിവാര്യമാണെന്നും, നിരോധിക്കപ്പെട്ട കീടനാശിനികളുടെ വില്‍പ്പനയും ഉപയോഗവും തടയാനും, എല്ലാ സംസ്ഥാനങ്ങളിലും കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കണമെന്നും , കര്‍ഷകരില്‍ ജാഗ്രതയുണര്‍ത്താനുമായി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest