Kerala
ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി
പദ്ധതി പ്രദേശത്ത് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠന പ്രക്രിയയിലാണെന്നും മന്ത്രി

ന്യൂഡല്‍ഹി | നിര്‍ദിഷ്ട എരുമേലി (ശബരിമല) വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആന്റോ ആന്റണിയെ ലോക്സഭയില്‍ അറിയിച്ചു. 2020 ജൂണിലാണ് കേരള സര്‍ക്കാര്‍ സംരംഭമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ 2008ലെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പോളിസി പോളിസി പ്രകാരം കേന്ദ്ര വ്യോയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രതിരോധ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് നിര്‍ദേശം പരിഗണിച്ചത്. മധുര വിമാനത്താവളം ഉള്‍പ്പെടെ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ നിന്ന് 150 കിലോമീറ്ററിനുള്ളില്‍ നിലവിലുള്ള എല്ലാ സിവില്‍ എയര്‍പോര്‍ട്ടുകളുടെയും ആഘാത വിലയിരുത്തല്‍ നടത്താനും മൂന്നാം കക്ഷിയെ ഉള്‍പ്പെടുത്തി ഇംപാക്റ്റ് ഡാറ്റ പരിശോധിക്കാനും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനോട് വ്യോമയാന വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇതിനുള്ള മറുപടി കാത്തിരിക്കുകയാണ്. പദ്ധതി പ്രദേശത്തു പരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠനം നടത്തുന്ന പ്രക്രിയയിലാണെന്നും മന്ത്രി അറിയിച്ചു.