Connect with us

Siraj Article

തൊഴിലില്ലായ്മ ഇന്ത്യയെ വേട്ടയാടിത്തുടങ്ങുന്നു

റെയില്‍വേ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായക സ്ഥാപനങ്ങളില്‍ കരാര്‍ സമ്പ്രദായവും താത്കാലിക നിയമനവുമാണ് ഇപ്പോഴുള്ളത്. റെയില്‍വേയില്‍ ലക്ഷക്കണക്കിന് ഒഴിവുകളുണ്ടായിട്ടും കടുത്ത നിയമന നിരോധനമാണ് അവിടെ. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ വന്നവരുടെ നിയമന പ്രതീക്ഷകളെ സ്വകാര്യവത്കരണവും കരാര്‍ നിയമനവും തകര്‍ത്തു കൊണ്ടിരിക്കുകയാണ്

Published

|

Last Updated

കൗണ്‍സില്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സി എം ഐ ഇ) യുടെ റിപ്പോര്‍ട്ടും ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വര്‍ധിതമായ തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് രാജ്യം നേരിടുന്നതെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. അതെ, അതിഭീകരമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും രാജ്യം നേരിടുകയാണെന്നാണ് ഔപചാരിക ഏജന്‍സികളുടെ പഠന വിവരങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. സി എം ഐ ഇയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഞെട്ടിപ്പിക്കുന്ന തോതിലാണ് വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മാത്രം ഔപചാരിക – അനൗപചാരിക മേഖലകളില്‍ 1.5 മില്യന്‍ പേരുടെ തൊഴിലുകളാണ് നഷ്ടപ്പെട്ടത്! ജൂലൈ മാസത്തില്‍ 399.38 മില്യന്‍ തൊഴിലുകള്‍ ഉണ്ടായിരുന്നതില്‍ നിന്നും അത് ആഗസ്റ്റ് മാസമായതോടെ 397.78 മില്യനായി കുറഞ്ഞു. ഗ്രാമീണ മേഖലയിലും നഗര മേഖലകളിലും തൊഴിലില്ലായ്മാ നിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നു. പണിയും വരുമാനവുമില്ലാതെ മഹാ ഭൂരിപക്ഷത്തിന്റെയും ജീവിതം വഴിമുട്ടുന്ന അവസ്ഥ തീക്ഷ്ണമായ മാനങ്ങളിലെത്തിയിരുക്കുന്നു.

കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും സൃഷ്ടിച്ച ഒരു പ്രതിഭാസം മാത്രമായി, രൂക്ഷമായ തൊഴിലില്ലായ്മയെയും അതിന്റെ ഫലമായുണ്ടായ ജനങ്ങളിലെ മഹാഭൂരിപക്ഷത്തിന്റെ വരുമാന രാഹിത്യത്തെയും അതുമൂലം തീവ്രമാകുന്ന ദാരിദ്ര്യത്തെയും ലഘൂകരിച്ചു കാണാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ഉത്പാദനരഹിതവും ഭാവിരഹിതവുമായ നിയോ ലിബറല്‍ നയങ്ങളുടെ അനിവാര്യ ഫലമെന്നോണമാണ് തൊഴിലില്ലായ്മ വര്‍ധിതമായിക്കൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യം അതിനെ തീക്ഷ്ണമാക്കുകയും മുമ്പില്ലാത്ത വിധം വര്‍ധിതമാക്കിക്കൊണ്ടിരിക്കുകയുമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി തുടരുന്ന സാമ്പത്തിക ഉദാരവത്കരണവും, കൊവിഡ് സാഹചര്യത്തെ പോലും കോര്‍പറേറ്റ് കൊള്ളക്കുള്ള അവസരമാക്കി കൊടുക്കുന്ന ചങ്ങാത്ത മുതലാളിത്ത നയങ്ങളുമാണ് തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമായത്. സ്വദേശി, വിദേശി കുത്തകകളും ഹിന്ദുരാഷ്ട്ര വാദികളും ചേര്‍ന്ന് നടപ്പാക്കുന്ന മോണിറ്ററിസ്റ്റ് പരിഷ്‌കാരങ്ങളും പൊതുമേഖലാ വില്‍പ്പനയുമെല്ലാം ചേര്‍ന്ന ഉത്പാദനത്തകര്‍ച്ചയും കാര്‍ഷിക, വ്യാവസായിക മേഖലകളുടെ മുരടിപ്പുമാണ് തൊഴിലില്ലായ്മയെ അപരിഹാര്യവും വര്‍ധിതവുമാക്കിക്കൊണ്ടിരിക്കുന്നത്.

ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം 2020ല്‍ തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനമായി ഉയര്‍ന്നുവെന്നാണ് എല്ലാ പഠന റിപ്പോര്‍ട്ടുകളും നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതോടൊപ്പം കഴിഞ്ഞ വര്‍ഷം തന്നെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഏതാണ്ട് 40 ശതമാനം കുറയുകയും ചെയ്തു. ഏകദേശം 21 ദശലക്ഷം ശമ്പളമുള്ള ജോലികള്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതായത് മുമ്പ് ജോലി ചെയ്തവരില്‍ 25 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നര്‍ഥം. ചെറുകിട വ്യവസായ മേഖലകളില്‍ മാത്രം വ്യവസായ തൊഴിലാളികള്‍ക്ക് 25 ശതമാനത്തോളം തൊഴില്‍ നഷ്ടപ്പെട്ടു. ഇതു തന്നെ അഞ്ച് ദശലക്ഷത്തോളം വരുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍, 50 ശതമാനത്തോളം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍മാണം, വ്യാപാരം തുടങ്ങിയ മേഖലകള്‍ വലിയ പ്രതിസന്ധിയിലാണ്. മഹാമാരി ഹോട്ടലുകളും മറ്റ് സേവനങ്ങളുമുള്‍പ്പെടെ സേവന മേഖലകളെ മോശമായി ബാധിച്ചു. ഈ മേഖലയില്‍ 47 ശതമാനം തൊഴിലിന്റെ ഇടിവാണുണ്ടായത്. മാനുഫാക്ചറിംഗ് മേഖലയില്‍ 13 ശതമാനവും ഖനന മേഖലയില്‍ 23 ശതമാനവും ഇടിവ് രേഖപ്പെടുത്തുന്നു.

തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പലരും ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഉപജീവനത്തിനായി ആശ്രയിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ധനമന്ത്രി തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ വിപുലപ്പെടുത്തി പാവങ്ങള്‍ക്ക് പരിമിതമായ തോതിലെങ്കിലും ഉപജീവന സാധ്യത ഉറപ്പു വരുത്തുന്നതിന് പകരം ഏറ്റവും പുതിയ ബജറ്റില്‍ 2020-21ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 34 ശതമാനം കുറവാണ് ഹൃദയ ശൂന്യരായ കേന്ദ്ര സര്‍ക്കാര്‍ ഈ ഇനത്തില്‍ വകയിരുത്തിയത്.

2015ലെ ലേബര്‍ ബ്യൂറോയുടെ സര്‍വേ പ്രകാരം തൊഴിലില്ലായ്മാ നിരക്ക് അഞ്ച് ശതമാനമായിരുന്നിടത്ത് നിന്നാണ് ഇപ്പോള്‍ 24 ശതമാനത്തില്‍ എത്തിയിരിക്കുന്നത്. റെയില്‍വേ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായക സ്ഥാപനങ്ങളില്‍ കരാര്‍ സമ്പ്രദായവും താത്കാലിക നിയമനവുമാണ് ഇപ്പോഴുള്ളത്. റെയില്‍വേയില്‍ ലക്ഷക്കണക്കിന് ഒഴിവുകളുണ്ടായിട്ടും കടുത്ത നിയമന നിരോധനമാണ് അവിടെ. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ വന്നവരുടെ നിയമന പ്രതീക്ഷകളെ സ്വകാര്യവത്കരണവും കരാര്‍ നിയമനവും തകര്‍ത്തു കൊണ്ടിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ വന്‍കിട അഗ്രിബിസിനസ്സ് കമ്പനികള്‍ക്കാവശ്യമായ രീതിയില്‍ നടപ്പാക്കുന്ന കമ്പനി കൃഷിയും പാട്ടകൃഷിയും പാവപ്പെട്ട കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും കൃഷിയില്‍ നിന്ന് പുറന്തള്ളുന്നു. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കൃഷിക്കാവശ്യമായ വിത്ത്, വൈദ്യുതി, വളം, കീടനാശിനി ഇവയുടെ വിലക്കയറ്റവും സബ്സിഡി ഇല്ലാതാക്കിയതും താങ്ങുവില എടുത്തു കളഞ്ഞതും കൃഷിയെ ഉപേക്ഷിക്കുന്നതിലേക്ക് കര്‍ഷകരെ എത്തിച്ചിരിക്കുന്നു. രൂക്ഷമാകുന്ന ഗ്രാമീണ തൊഴിലില്ലായ്മയാണല്ലോ കാര്‍ഷിക മേഖലയില്‍ നിന്ന് നിര്‍മാണ മേഖലയിലേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടാക്കിയത്. ഇപ്പോള്‍ നിര്‍മാണ മേഖലയുടെ സ്തംഭനത്തോടെ ഗ്രാമീണ തൊഴിലില്ലായ്മയും ദാരിദ്ര്യവും പേടിപ്പെടുത്തുന്ന രീതിയില്‍ കൂടിക്കൊണ്ടിരിക്കുന്നു.

തൊഴിലില്ലായ്മയും അവശ്യ സാധന വിലവര്‍ധനവും ജനജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണം പെട്രോളിയം വില വര്‍ധനവും വിപണന നിയന്ത്രണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞതുമാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടുന്നതാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനക്ക് കാരണം. ഭക്ഷണം, പാചകവാതകം തുടങ്ങിയവക്കെല്ലാമുള്ള സബ്സിഡികള്‍ ഇല്ലാതാക്കിയോ പരിമിതപ്പെടുത്തിയോ കേന്ദ്ര സര്‍ക്കാര്‍ വിപണിയുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്ക് സാധാരണക്കാരെ എറിഞ്ഞു കൊടുക്കുകയാണ്. ആഗോള പട്ടിണി സൂചികയും ദേശീയ കുടുംബാരോഗ്യ സര്‍വേയും ഇന്ത്യയില്‍ പട്ടിണിയും പോഷാകാഹാരക്കുറവും 80 ശതമാനം ജനങ്ങളെയും വേട്ടയാടുന്നുണ്ടെന്നാണ് പറയുന്നത്. കുട്ടികളിലെയും സ്ത്രീകളിലെയും േപാഷകാഹാരക്കുറവ് വിളര്‍ച്ചാ രോഗത്തിനും ദാരിദ്ര്യജന്യ രോഗങ്ങള്‍ക്കും കാരണമാകുന്നു.

പ്യൂ റിസര്‍ച്ച് സെന്റര്‍, ഇന്ത്യയെ ദരിദ്രരുടെ എണ്ണം കൂടി വരുന്ന രാജ്യമായിട്ടാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം 60 ദശലക്ഷത്തില്‍ നിന്ന് 1,343 ദശലക്ഷമായി വളര്‍ന്നുവെന്നാണവരുടെ കണക്ക്. കഴിഞ്ഞ വര്‍ഷം ആഗോള ദരിദ്രരുടെ വളര്‍ച്ചയില്‍ 57.3 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്! മധ്യവര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 59.3 ശതമാനം പേര്‍ ദാരിദ്ര്യത്തിലേക്ക് വഴുതി വീണു. ഹിന്ദുത്വ വാദികളുടെ ഭരണത്തിന് കീഴില്‍ പണിയില്ലാത്തവരുടെയും പട്ടിണിക്കാരുടെയും എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.

Latest