local body election 2025
തോൽവിയറിയാത്ത നസീമക്കിത് ആറാം അങ്കം; ജസിയ ടീച്ചർ കന്നി പേരാട്ടത്തിന്
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പരപ്പാറ വാർഡിൽ ഇക്കുറി മത്സരം ശ്രദ്ധേയമാണ്
കൊടുവള്ളി | സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറും മുൻ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി കെ നസീമ ജമാലുദ്ദീൻ എൽ ഡി എഫ് സ്ഥാനാർഥിയായി രംഗത്ത് വന്നതോടെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പരപ്പാറ വാർഡിൽ ഇക്കുറി മത്സരം ശ്രദ്ധേയമായി. യു ഡി എഫ് രംഗത്തിറക്കുന്നത് അധ്യാപികയായ ജസിയ ടീച്ചറെയാണ്.
പഴയകാലമുസ്‌ലിം ലീഗ് നേതാവായിരുന്ന പരേതനായ കച്ചേരിമുക്കിലെ പിടിഞ്ഞാറെകണ്ടി മഹമൂദിന്റെ മകളായ നസീമ 2000ത്തിൽ 23ാമത്തെ വയസ്സിൽ തന്റെ കന്നിയങ്കത്തിൽ കച്ചേരിമുക്ക് വാർഡിൽ നിന്ന് മത്സരിച്ചു ജയിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി.
2005ൽ കച്ചേരി മുക്ക് വാർഡിൽ നിന്ന് ജയിച്ച് രണ്ടാം തവണയും പ്രസിഡന്റായി. 2010ൽ കാവിലുമ്മാരം 2015ൽ കച്ചേരിമുക്ക് 2020-കാവിലുമാരം വാർഡുകളിലും തുടർച്ചയായി വെന്നി ക്കൊടി പാറിച്ചു. അഡ്വ. പി ടി എ റഹീം മുസ്‌ലിം ലീഗിൽ നിന്ന് പിരിഞ്ഞതോടെ അദ്ദേഹത്തിന്റെ കൂടെ ഉറച്ചുനിന്നു.
താമരശ്ശേരി കെടവൂർ എൽ പി സ്‌കൂൾ അധ്യാപികയാണ്. 2023 മുതൽ ഓർഫനേജ് കൺട്രോൾ ബോർഡിൽ സർക്കാർ നോമിനേറ്റഡ് അംഗമാണ്. എൻ പി ജമാലുദ്ദീനാണ് ഭർത്താവ്. കന്നിയങ്കത്തിന്നിറങ്ങുന്ന ജസിയ ടീച്ചർ (കോൺഗ്രസ്സ്) കിഴക്കോത്ത് പന്നൂർ ഈസ്റ്റ് (കുറുന്താറ്റിൽ) എ എം എൽ പി സ്‌കൂൾ അധ്യാപികയാണ്.
യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം സെക്രട്ടറി മുഹമ്മദ് അസ്‌ലമിന്റെ ഭാര്യയാണ്. നവാഗതയായ ജസിയ ടീച്ചർക്ക് കരുത്തയായ നസീമാ ജമാലുദ്ദീനെ തളക്കാനാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.




