Kerala
നവജാത ശിശു മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍
സങ്കീര്‍ണതയുണ്ടായിട്ടും സിസേറിയന്‍ ചെയ്തില്ല. ഇതാണ് മരണ കാരണമായതെന്ന് ആരോപണം.
പാലക്കാട് | ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. വണ്ടിത്താവളം സ്വദേശിയുടെ കുഞ്ഞാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആരോപിച്ചു.
ബുധനാഴ്ചയാണ് താലൂക്ക് ആശുപത്രിയില്‍ സിസേറിയന്‍ ചെയ്യുന്നതിനുള്ള ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ പ്രസവവേദനയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ തന്നെ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് നാരായണന്‍ കുട്ടി പറയുന്നു. എന്നാല്‍, സങ്കീര്‍ണതയുണ്ടായിട്ടും സിസേറിയന്‍ ചെയ്തില്ല. ഇതാണ് മരണ കാരണമായത്. പ്രസവത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്നും നാരായണന്‍ കുട്ടി വിശദീകരിച്ചു.
അതേസമയം സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഒമ്പതാം മാസത്തില്‍ കുഞ്ഞ് ബ്രീത്തിങ് പൊസിഷനിലായിരുന്നതിനാലാണ് പ്രസവ തീയതി നല്‍കിയതെന്നും സിസേറിയന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായതാണ് പ്രശ്നം വഷളാക്കിയതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.



