Kerala
പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റിയ ഓട്ടോ മറിഞ്ഞു; ഒരു കുട്ടി മരിച്ചു
പത്തനംതിട്ട കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിനി ഒമ്പത് വയസ്സുകാരി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. പത്തനംതിട്ട തൂമ്പാക്കുളത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം.
പത്തനംതിട്ട | സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിനി ഒമ്പത് വയസ്സുകാരി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. പത്തനംതിട്ട തൂമ്പാക്കുളത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം.
നാലുമണിക്ക് സ്‌കൂള്‍വിട്ട ശേഷം വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ കണ്ട പാമ്പിനെ വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ഡ്രൈവറും അഞ്ച് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
പരുക്കേറ്റ ഡ്രൈവറെയും മറ്റു കുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു കുട്ടികളുടെ തലയ്ക്കാണ് പരുക്ക്. ഒരാള്‍ക്ക് കൈയ്ക്കും പരുക്കുണ്ട്.




