Eduline
ആ വാക്ക് ഏത്
2025 ൽ ഉപയോഗിച്ച വാക്കിന്റെ ഷോർട്ട്ലിസ്റ്റ് പട്ടിക ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പുറത്തിറക്കി
2025 അവസാനിക്കാനിരിക്കെ ഏറ്റവും കുടുതൽ ഉപയോഗിച്ച വാക്ക് ഏതായിരിക്കും. നിങ്ങൾക്കും വോട്ടെടുപ്പിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താം. ഇതുമായി ബന്ധപ്പെട്ട് ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി 2025ൽ ഉപയോഗിച്ച വാക്കിന്റെ (വോട്ടി-WOTY) ഷോർട്ട്‌ലിസ്റ്റ് പുറത്തിറക്കി. ആളുകൾക്ക് അവരുടെ പ്രിയപ്പെട്ട വാക്കിന് വോട്ട് ചെയ്യാൻ corp.oup.com സന്ദർശിക്കാം. നാളെ വരെ വോട്ടെടുപ്പിൽ പങ്കെടുക്കാം. ഈ വർഷം കൂടുതലായി ഉപയോഗിച്ച മൂന്ന് വാക്കുകളാണ് ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി തിരഞ്ഞെടുത്തത്. ഇതിൽ നിന്ന് ഏറ്റവും കൂടുതലായി ഉപയോഗിച്ച വാക്ക് തിരഞ്ഞെടുക്കുന്നതിനാണ് വോട്ടിംഗ് സന്പ്രദായം ഏർപ്പെടുത്തിയത്.
വാക്കിന്റെ നിഘണ്ടു, പൊതു ഉപയോഗം, ആഗോള പ്രവണതകൾ എന്നിവയിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വാക്കുകളോ പദപ്രയോഗങ്ങളോ തിരഞ്ഞെടുക്കുക. വോട്ടി 2007 മുതൽ നടപ്പാക്കി വരുന്നുണ്ട്.
തിരഞ്ഞെടുത്ത മൂന്ന് വാക്കുകൾ
ഓറ ഫാമിംഗ്: ഒരു വ്യക്തി, തന്റെ പെരുമാറ്റം, സംസാര ശൈലി, അല്ലെങ്കിൽ പൊതുവിലുള്ള അവതരണം എന്നിവയിലൂടെ, ആത്മവിശ്വാസം, ആകർഷണീയത, അമാനുഷികത (mystique) എന്നിവയുടെ ഒരു പ്രത്യേക മണ്ഡലം (ഓറ) തന്ത്രപരമായി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന പ്രക്രിയയാണിത്. ചുരുക്കത്തിൽ, ശ്രദ്ധേയവും ആകർഷകവുമായ ഒരു വ്യക്തിത്വമോ പൊതു പ്രതിച്ഛായയോ ഉണ്ടാക്കി എടുക്കുന്നതിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്.
ബയോഹാക്ക്: ഭക്ഷണക്രമം, വ്യായാമ മുറകൾ, ജീവിതശൈലി എന്നിവ മാറ്റം വരുത്തിക്കൊണ്ടോ, അല്ലെങ്കിൽ മരുന്നുകൾ, സപ്ലിമെന്റുകൾ, സാങ്കേതിക ഉപകരണങ്ങൾ തുടങ്ങിയ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ടോ, ഒരാളുടെ ശാരീരികമോ മാനസികമോ ആയ പ്രകടനം, ആരോഗ്യം, ദീർഘായുസ്സ്, അല്ലെങ്കിൽ ക്ഷേമം എന്നിവ മെച്ചപ്പെടുത്താനോ മികച്ച രീതിയിൽ ക്രമീകരിക്കാനോ നടത്തുന്ന ശ്രമങ്ങളെയാണ് ബയോഹാക്ക് എന്ന് വിളിക്കുന്നത്.
റേജ് ബെയ്റ്റ് (Rage Bait): കോപം, രോഷം, അല്ലെങ്കിൽ പ്രതിഷേധം എന്നിവ ആളുകളിൽ മനഃപൂർവം ഉണർത്താൻ വേണ്ടി ഉണ്ടാക്കുന്ന ഓൺലൈൻ ഉള്ളടക്കമാണിത്. പ്രകോപനപരവും, അസ്വസ്ഥതയുണ്ടാക്കുന്നതും, അല്ലെങ്കിൽ അധിക്ഷേപകരവുമായ രീതിയിലായിരിക്കും ഇത്തരം ഉള്ളടക്കം സാധാരണയായി രൂപകൽപ്പന ചെയ്യുന്നത്.
ഒരു പ്രത്യേക വെബ് പേജിലേക്കോ സാമൂഹിക മാധ്യമ അക്കൗണ്ടിലേക്കോ കൂടുതൽ ആളുകളെ ആകർഷിക്കാനും ലൈക്കുകൾ, കമന്റുകൾ തുടങ്ങിയ പ്രതികരണങ്ങൾ വർധിപ്പിക്കാനുമാണ് സാധാരണയായി ഇത് പോസ്റ്റ് ചെയ്യുന്നത്.
എന്തുകൊണ്ട് ഈ വാക്കുകൾ തിരഞ്ഞെടുത്തു
2023ൽ ഓൺലൈനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഓറ ഫാമിംഗ് (Aura Farming) പദത്തിന്റെ ഉപയോഗം വർധിച്ചുവരികയാണ്. ഒരു പരമ്പരാഗത റേസിംഗ് ബോട്ടിലെ ജീവനക്കാർക്ക് വേണ്ടി പ്രചോദന നൃത്തം അവതരിപ്പിച്ച ഇന്തോനേഷ്യയിൽ നിന്നുള്ള 11 വയസ്സുകാരനായ റൈഹാൻ അർകൻ ദിഖയുടെ വൈറൽ വീഡിയോയാണ് ഇതിന് കാരണമായത്. തന്റെ റോൾ അനായാസം മനോഹരമായി ചെയ്തതിലൂടെയാണ് ഈ വാക്ക് ജൂലൈയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലെത്തിയത്.
സമ്പന്നരും ശക്തരുമായ ചില വ്യക്തികൾ മാനസികമോ ശാരീരികമോ ആയ പ്രകടനം വർധിപ്പിക്കാനും അല്ലെങ്കിൽ വാർധക്യ പ്രക്രിയ തടയാനും തിരുത്താനും നടത്തുന്ന ശ്രമങ്ങളിൽ ശ്രദ്ധ വർധിച്ചതോടെയാണ് ബയോഹാക്ക് (Biohack) എന്ന വാക്ക് പ്രാധാന്യം നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ വാക്കിന്റെ ഉപയോഗത്തിൽ മൂന്നിരട്ടി വർധനവുണ്ടായി.
ഓൺലൈൻ ജീവിതത്തിന്റെ എല്ലാ നല്ല വശങ്ങൾക്കുമൊപ്പം അത് കൊണ്ടുവരുന്ന നെഗറ്റീവ് ഫലങ്ങളെക്കുറിച്ച് കൂടുതൽ ആളുകൾ ബോധവാന്മാരാകുന്നു എന്നതിന്റെ സൂചനയാണ് റേജ് ബെയ്റ്റ് എന്ന വാക്ക്. ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി പ്രസ്സിന്റെ തിരഞ്ഞെടുപ്പുകൾ അനുസരിച്ച്, ബ്രെയ്റ്റ് റോട്ട് (Brait Rot) ആണ് 2024-ലെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ വർഷങ്ങളിൽ “റിസ്സ്’ (Rizz – 2023), “ഗോബ്ലിൻ മോഡ്’ (Goblin Mode – 2022), “വാക്‌സ്’ (Vax-2021) എന്നിവയായിരുന്നു തിരഞ്ഞെടുത്ത വാക്കുകൾ.



