Editorial
ഉമീദ് പോര്‍ട്ടല്‍: രജിസ്‌ട്രേഷന്‍ കാലയളവ് നീട്ടണം
ഭരണകൂടം ചില ഗൂഢ-സ്ഥാപിത ലക്ഷ്യത്തില്‍ വഖ്ഫ് നിയമത്തില്‍ നടത്തുന്ന കൈക്കടത്തലുകള്‍, മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ ഇടയാക്കരുത്.
വഖ്ഫ് (ഭേദഗതി) നിയമ പ്രകാരമുള്ള നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ കാലാവധി നീട്ടണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെമ്പാടുമുള്ള വഖ്ഫ് കൈകാര്യകര്‍ത്താക്കള്‍ ആശങ്കയിലാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഉമീദ് പോര്‍ട്ടലില്‍ വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസം മാത്രം. അതേസമയം സര്‍ക്കാര്‍ കണക്ക് പ്രകാരം രാജ്യത്ത് നിലവിലുള്ള 8.72 ലക്ഷം വഖ്ഫ് സ്വത്തുക്കളില്‍ പത്ത് ശതമാനത്തില്‍ താഴെ വരുന്ന വഖ്ഫ് സ്വത്തുക്കള്‍ മാത്രമേ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. കേരളത്തിലെ 1.2 ലക്ഷം വഖ്ഫ് സ്വത്തുക്കളില്‍ 25 ശതമാനം മാത്രമാണ് രജിസ്‌ട്രേഷന്‍ നടന്നത്.
പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍, ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സാങ്കേതിക പരിശീലനത്തിന്റെ അപര്യാപ്തത, രേഖകള്‍ തേടിപ്പിടിക്കുന്നതിലുള്ള കാലതാമസം, രജിസ്‌ട്രേഷന്‍ സംബന്ധിച്ച സാധാരണക്കാരുടെ അജ്ഞത തുടങ്ങി പോര്‍ട്ടലൈസേഷന്റെ പുരോഗതിക്കുറവിന് പലതാണ് കാരണം. രാജ്യത്തുടനീളമുള്ള വഖ്ഫ് സ്വത്തുക്കള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക, സുതാര്യത ഉറപ്പ് വരുത്തുക എന്നീ അവകാശവാദത്തോടെ ജൂണ്‍ ആറിനാണ് കേന്ദ്ര സര്‍ക്കാര്‍ ഉമീദ് പോര്‍ട്ടല്‍ ആരംഭിച്ചത്. 2025 ഏപ്രിലില്‍ പാര്‍ലിമെന്റ് നടപ്പാക്കിയ വഖ്ഫ് (ഭേദഗതി) ബില്ലിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. സ്വത്തുക്കളുടെ വിസ്തീര്‍ണം, സ്ഥലങ്ങളുടെ ജിയോടാഗ്, കൈവശ രേഖ, വരുമാനം, ചെലവ്, ഓഡിറ്റ് വിവരങ്ങള്‍ തുടങ്ങിയ വിശദ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ നിര്‍ബന്ധമാണ്. വഖ്ഫ് ബോര്‍ഡില്‍ നേരത്തേ മാന്വലായി രജിസ്റ്റര്‍ ചെയ്തവര്‍ അവസാന വര്‍ഷത്തെ കണക്ക് വഖ്ഫ് ബോര്‍ഡിന് സമര്‍പ്പിച്ച് അതിന്റെ വിവരങ്ങള്‍ കൂടി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. രാജ്യത്താകമാനമുള്ള വഖ്ഫ് സ്വത്തുക്കളുടെ കേന്ദ്രീകൃത ശേഖരമായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തനാത്മക ഡിജിറ്റല്‍ ഫോറമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു വിശേഷിപ്പിച്ച പോര്‍ട്ടല്‍ ജൂണ്‍ ആറിന് നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ വന്നത് ജൂലൈ മൂന്നിനാണ്. ഇതേത്തുടര്‍ന്ന് രജിസ്‌ട്രേഷന്‍ കാലാവധി അഞ്ച് മാസമായി ചുരുങ്ങി.
വാക്കാല്‍ നടന്ന വഖ്ഫുകളാണ് രാജ്യത്ത് നിലവിലുള്ളവയില്‍ പലതും. ഇസ്‌ലാമികമായി വഖ്ഫിന് അത്രയേ ആവശ്യമുള്ളൂ. രേഖാമൂലം വഖ്ഫ് ചെയ്യാത്ത സ്വത്തുക്കളും നൂറുകണക്കിന് ദശകങ്ങളായി രാജ്യത്ത് വഖ്ഫായി കൈകാര്യം ചെയ്തു വരുന്നുണ്ട്. ഇതിന് രേഖകളുണ്ടാക്കുന്നത് പ്രയാസകരവും സങ്കീര്‍ണവുമാണ്. അതേസമയം, രേഖകളില്ലാത്ത വഖ്ഫ് സ്വത്തുക്കള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. ഇതുമൂലം നല്ലൊരു വിഭാഗം വഖ്ഫ് സ്വത്തുക്കളും ഉമീദ് പോര്‍ട്ടലിന് പുറത്തു പോകും. ഉത്തര്‍പ്രദേശില്‍ 80 കൊല്ലമായി വഖ്ഫ് ചെയ്ത ഖബര്‍സ്ഥാന്‍ രേഖകളുടെ അഭാവം മൂലം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇത്തരം വഖ്ഫ് സ്വത്തുക്കളുടെ ഭാവിയെന്താകുമെന്ന ആശങ്കയിലാണ് മുസ്‌ലിം ഇന്ത്യ. ഉമീദ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഇത്യാദി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ബി ജെ പി ഭരണത്തിലുള്ള ഗുജറാത്തിലെയടക്കം സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോര്‍ട്ടലിന്റെ സാങ്കേതിക തകരാര്‍ കൂടിയാണ് രജിസ്‌ട്രേഷന്‍ നടപടികളുടെ കാലതാമസത്തിനു കാരണമെന്ന വസ്തുത കണക്കിലെടുത്ത് കാലാവധി നീട്ടാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്.
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രം അനുവദിച്ച ആറ്മാസ കാലാവധി അവസാനിച്ചാല്‍ മുതവല്ലിക്ക് രജിസ്‌ട്രേഷനു വേണ്ടി വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ വഖ്ഫ് (ഭേദഗതി) നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും, രജിസ്‌ട്രേഷന് അനുവദിച്ച ആറ് മാസത്തിനകം അപ്‌ലോഡ് ചെയ്യാത്തതിന് മുതവല്ലിക്ക് മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ ട്രൈബ്യൂണല്‍ അപേക്ഷ സ്വീകരിക്കേണ്ടതുള്ളൂ. അല്ലാത്തവ നിരസിക്കുമെന്ന് മാത്രമല്ല, കാലതാമസം വരുത്തിയതിന് മുതവല്ലിമാര്‍ ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ട്.
മത-സാമൂഹിക നന്മക്കായി വിശ്വാസികള്‍ ദൈവിക മാര്‍ഗത്തില്‍ സമര്‍പ്പിക്കുന്ന സ്വത്താണ് വഖ്ഫ്. വിദ്യാഭ്യാസം, ആതുരസേവനം, അഗതി-അനാഥ സംരക്ഷണം, മതപ്രബോധനം, പള്ളി-മദ്‌റസ തുടങ്ങിയ ഇസ്‌ലാമിക കേന്ദ്രങ്ങളുടെ സ്ഥാപനവും സംരക്ഷണവും തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഉദാരമതികള്‍ സ്വത്തുക്കള്‍ വഖ്ഫ് ചെയ്യുന്നത്. സാമൂഹിക ജീവിതത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും ഏറെ സ്ഥാനം നല്‍കുന്ന മതമാണ് ഇസ്‌ലാം. സമൂഹത്തിന്റെ നന്മയിലും ക്ഷേമത്തിലും അഭിവൃദ്ധിയിലും ശ്രദ്ധ പുലര്‍ത്തേണ്ടതും യത്‌നിക്കേണ്ടതും വിശ്വാസികളുടെ ബാധ്യതയായാണ് ഇസ്‌ലാം ഉത്‌ബോധിപ്പിക്കുന്നത്. ഈ ലക്ഷ്യ നിര്‍വഹണത്തില്‍ വഖ്ഫിന് വലിയ പങ്കുണ്ട്. രാജ്യത്തെമ്പാടുമുള്ള ഇസ്‌ലാമിക സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നതും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതും വഖ്ഫ് സ്വത്തുക്കളുടെ കൂടി സഹായത്തോടെയാണ്.
ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ആനുകൂല്യത്തില്‍ വഖ്ഫ് സ്വത്തുക്കളെ, അവയുടെ സ്ഥാപിത ലക്ഷ്യത്തില്‍ തന്നെ നിലനില്‍ക്കാന്‍ അനുവദിക്കേണ്ടത് ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടെയും ബാധ്യതയാണ്. ഭരണകൂടം ചില ഗൂഢ-സ്ഥാപിത ലക്ഷ്യത്തില്‍ വഖ്ഫ് നിയമത്തില്‍ നടത്തുന്ന കൈക്കടത്തലുകള്‍, മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ ഇടയാക്കരുത്. ഉമീദ് പോര്‍ട്ടലില്‍ വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപ്പാക്കിയ നിബന്ധനകളും അതിനു നിശ്ചയിച്ച കാലാവധിയുടെ പരിമിതിയും രാജ്യത്തെ വഖ്ഫ് സ്വത്തുക്കളില്‍ നല്ലൊരു പങ്കും അന്യാധീനപ്പെടാന്‍ വഴിയൊരുക്കുന്നതാണ്. എന്നിട്ടും വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി നിരസിച്ച സുപ്രീം കോടതി നടപടി ഖേദകരമാണ്. കാലാവധി നീട്ടിക്കിട്ടാന്‍ ട്രൈബ്യൂണലുകളെ സമീപിക്കാമല്ലോ എന്ന പരമോന്നത കോടതിയുടെ ഉപദേശം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ജുഡീഷ്യറിയുടെ ഒളിച്ചോട്ടമായി വിലയിരുത്തപ്പെടുന്നുണ്ട്. മുസ്‌ലിംകളുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര നടപടികളില്‍ സമീപ കാലത്തായി കേന്ദ്രത്തെ പ്രീണിപ്പിക്കുന്ന നിലപാടാണ് സുപ്രീം കോടതിയില്‍ നിന്ന് പൊതുവെ കണ്ടുവരുന്നത്. ഇത് ആശങ്കാജനകമാണ്.





