local body election 2025
കൊടുവള്ളി നഗരസഭയില്‍ യു ഡി എഫ്- വെൽഫെയർ കൂട്ടുകെട്ട്; അമർഷം പുകയുന്നു
ഇത്തവണ വെൽഫെയർ പാർട്ടി മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടു
കൊടുവള്ളി | പരസ്യമായി ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമെന്നറിയപ്പെടുന്ന വെൽഫെയർ പാർട്ടിയുമായി സംഖ്യമുണ്ടാക്കിയ കൊടുവള്ളി നഗരസഭാ യു ഡി എഫ് കമ്മിറ്റിയുടെ നിലപാടിൽ യു ഡി എഫ് അണികളിൽ അമർഷം പുകയുന്നതായി സൂചന.
കഴിഞ്ഞ വർഷം യു ഡി എഫ് പിന്തുണയിൽ വാരിക്കുഴി താഴം വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി കെ കെ ഹരിദാസനും പറമ്പത്ത് കാവ് വാർഡിൽ എളങ്ങോട്ടിൽ ഹസീനയും മത്സരിച്ചിരുന്നു. ഈ പോരാട്ടത്തിൽ എളങ്ങോട്ടിൽ ഹസീനയാണ് വിജയിച്ചത്. അന്ന് യു ഡി എഫ് വിജയിക്കുകയും വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ യു ഡി എഫ് ഭരണ സമിതി നിലവിൽ വരികയും ചെയ്തു.
ഈ ഭരണ സമിതിയെ വെൽഫെയർ പാർട്ടി മെമ്പർ പിന്തുണക്കുകയും പ്രത്യുപകാരമായി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമാക്കുകയും ചെയ്തു. ഇത്തവണ വെൽഫെയർ പാർട്ടി മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ കരൂഞ്ഞിയും പറമ്പത്ത് കാവും നൽകുകയും മൂന്നാമതായി അവശ്യപ്പെട്ട കരുവമ്പൊയിൽ സുന്നി വോട്ടുകൾ അധികമുള്ള പ്രദേശമായതിനാൽ തരാനാകില്ലെന്നറിയിക്കുകയും ചെയ്തു.
ഡിവിഷൻ 27 പറമ്പത്ത് കാവിൽ നിലവിലെ വെൽഫെയർ പാർട്ടി കൗൺസിലർ എളങ്ങോട്ടിൽ ഹസീനയെ രംഗത്തിറക്കുകയും ചെയ്തു. ഡിവിഷൻ 21 കരൂഞ്ഞി ഡിവിഷനിൽ നദീറ ഷൗക്കത്തിനെയാണ് വെൽഫെയർ പാർട്ടി മത്സരിപ്പിക്കുന്നത്.
ഈ മാസം 19ന് കൊടുവള്ളിയിൽ നടന്ന യു ഡി എഫ് കൺവെൻഷനിൽ പാണക്കാട് റശീദലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. തുടർന്ന് വാർഡ്തല കൺവൻഷനുകളിലും പ്രചാരണ പരിപാടികളിലും യു ഡി എഫ് ഭാരവാഹികൾ പങ്കെടുത്തു വരികയുമാണ്. ഈ സാഹചര്യത്തിലാണ് ജമാഅത്തെഇസ്‌ലാമിയുമായി പരസ്യമായി കൂട്ടുകെട്ടുണ്ടാക്കിയ നിലപാടിൽ യു ഡി എഫിലെ ഇ കെ വിഭാഗം സുന്നികൾ പ്രതിഷേധവുമായി നേത്യത്വത്തെ സമീപിച്ചത്.
അതേസമയം, സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വെൽഫെയർ പാർട്ടിയുമായി ധാരണ വേണ്ടെന്നാണ് നേതൃത്വം നിർദേശം നൽകിയതെന്നും പ്രാദേശിക തലങ്ങളിൽ നേതൃത്വം വിലക്കേർപ്പെടുത്താത്തതിനാലാണ് കൊടുവള്ളി നഗരസഭയിലും ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലും വെൽഫെയർ പാർട്ടിക്ക് സീറ്റ് നൽകി മത്സരിക്കുന്നതെന്നും ഉന്നത യു ഡി എഫ് നേതാവ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാനത്ത് ഒരിടത്തും യു ഡി എഫ് -വെൽഫെയർ പാർട്ടി കൂട്ടുകെട്ടില്ലെന്നാണ് ഡി സി സി പ്രസിഡന്റ്പ്രവീൺ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നത്.




