local body election 2025
ചുങ്കത്തറ നിലനിര്‍ത്താന്‍ യു ഡി എഫ്; അട്ടിമറിക്കാന്‍ എല്‍ ഡി എഫ്
ഷെറോണ റോയി വഴിക്കടവ് ഡിവിഷനില്‍ കൊണ്ടുവന്ന വികസനങ്ങളാണ് എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നത്
നിലമ്പൂര്‍ | ജില്ലാ പഞ്ചായത്തിന്റെ ചുങ്കത്തറ ഡിവിഷനില്‍ ഇത്തവണ പോരാട്ടം ശക്തമാകും. എൽ ഡി എഫ് സ്ഥാനാര്‍ഥിയായി നിലവിലെ വഴിക്കടവ് ഡിവിഷന്‍ അംഗം അഡ്വ. ഷെറോണ റോയിയും യു ഡി എഫ് സ്ഥാനാര്‍ഥിയായി അഡ്വ. ജോസ്മി പി ജോസഫുമാണ് പോരിനിറങ്ങിയത്. നിലവില്‍ യു ഡി എഫ് പക്ഷത്തുള്ള ഡിവിഷനാണെങ്കിലും അട്ടിമറിക്കാനാണ് ഷെറോണ റോയിയെ എല്‍ ഡി എഫ് കളത്തിലിറക്കിയിരിക്കുന്നത്. അനായാസം നിലനിര്‍ത്താമെന്ന് യു ഡി എഫും കണക്കുകൂട്ടുന്നു.
നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ വഴിക്കടവ്, എടക്കര, ചുങ്കത്തറ, ചാലിയാര്‍, മമ്പാട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്നതാണ് ചുങ്കത്തറ ഡിവിഷന്‍. എടക്കര, പള്ളിക്കുത്ത്, ചുങ്കത്തറ, പൂക്കോട്ടുമണ്ണ, എരഞ്ഞിമങ്ങാട്, ഇടിവണ്ണ, വടപുറം, വെറ്റിലപ്പാറ എന്നീ ബ്ലോക്ക് ഡിവിഷനുകളാണ് ജില്ലാ ഡിവിഷന് കീഴിലുള്ളത്. കെ പി സി സി അംഗം എന്‍ എ കരീമാണ് നിലവില്‍ ചുങ്കത്തറ ഡിവിഷന്‍ പ്രതിനിധി. വികസനങ്ങള്‍ എണ്ണിപറഞ്ഞാണ് യു ഡി എഫ് വോട്ട് തേടുന്നത്. ഷെറോണ റോയി വഴിക്കടവ് ഡിവിഷനില്‍ കൊണ്ടുവന്ന വികസനങ്ങളാണ് എല്‍ ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നത്.
നിലമ്പൂര്‍ വനത്തോട് അതിരിടുന്ന ഡിവിഷനില്‍ പ്രധാനമായി ഉയരുന്ന പ്രശ്‌നം വന്യമൃഗശല്യമാണ്. വന്യമൃഗശല്യം പരിഹരിക്കാന്‍ വനംവകുപ്പിന് പുറമേ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗപ്പെടുത്തണമെന്ന് വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ചാലിയാര്‍ പഞ്ചായത്ത് ഉള്‍പ്പെട്ട ചുങ്കത്തറ ഡിവിഷനില്‍ നിരവധി ആദിവാസി നഗറുകളുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ നഗറുകളുടെ വികസനവും ഇവിടെ ചര്‍ച്ചയാണ്. മലബാറിലെ പ്രധാന പ്രകൃതി ടൂറിസം കേന്ദ്രങ്ങളായ ആഡ്യന്‍പാറ ജലടൂറിസം, കോഴിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയവ ഈ ഡിവിഷനിലാണ്. ടൂറിസം രംഗത്ത് ജില്ലാ പഞ്ചായത്തിന്റെ ഇടപെടലും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
യു ഡി എഫ് തുടര്‍ച്ചയായി വിജയിക്കുന്ന ഡിവിഷനില്‍ ഇത്തവണ എല്‍ ഡി എഫും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണ വഴിക്കടവ് ഡിവിഷനില്‍ അട്ടിമറി വിജയം നേടിയ ഷെറോണയിലൂടെ ചുങ്കത്തറയിലും അട്ടിമറി നടത്താനാകുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷ. എന്നാല്‍ കോട്ടയിളകില്ലന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്. കെ എസ് യു മുന്‍ ഭാരവാഹിയും കേരളാ ഹൈക്കോടതി അഭിഭാഷകയുമാണ് യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ്മി പി ജോസഫ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ഷെറോണ റോയി സി പി എം എടക്കര ഏരിയാ കമ്മിറ്റി അംഗവും ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ്. എൻ ഡി എ സ്ഥാനാര്‍ഥിയായി ബി ജെ പി മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്ജെ ഗീതാകുമാരിയും മത്സര രംഗത്തുണ്ട്.




