Uae
മനുഷ്യക്കടത്ത് തടയാൻ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തി യു എ ഇ
കുറഞ്ഞത് അഞ്ച് വർഷം തടവും ഒരു ദശലക്ഷം ദിർഹം പിഴയും ശിക്ഷ

ദുബൈ| മനുഷ്യന്റെ അന്തസ്സിന്റെ ഗുരുതരമായ ലംഘനത്തെ ചെറുക്കുന്നതിന് യു എ ഇ അചഞ്ചലമായ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നുവെന്ന് നീതിന്യായ വകുപ്പ് മന്ത്രിയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതി ചെയർമാനുമായ അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമി വ്യക്തമാക്കി. ഇന്ന് മനുഷ്യക്കടത്തിനെതിരായ ആഗോള ദിനമായി ആചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. നീതി, സുതാര്യത, മനുഷ്യാവകാശ സംരക്ഷണം എന്നിവയിൽ അധിഷ്ഠിതമായ ഒരു സംയോജിത ദേശീയ ഡിജിറ്റൽ സംവിധാനം യു എ ഇ തുടർച്ചയായി വികസിപ്പിക്കുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കിടയിൽ ഏകോപനം വർധിപ്പിക്കുന്നതിനും കൃത്രിമ ബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യക്കടത്തിനെ ഫലപ്രദമായി നേരിടാൻ സമഗ്രമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അൽ നുഐമി ഊന്നിപ്പറഞ്ഞു. രാജ്യങ്ങളുമായും ആഗോള സംഘടനകളുമായും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഈ കുറ്റകൃത്യത്തിനെതിരെ ഒരു ഏകീകൃത മുന്നണി കെട്ടിപ്പടുക്കുന്നതിന് വൈദഗ്ധ്യവും വിവരങ്ങളും കൈമാറ്റം ചെയ്യുന്നതിനും യു എ ഇ പ്രതിജ്ഞാബദ്ധമാണ്. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നത് യോജിച്ച ഉത്തരവാദിത്തമാണെന്നും ആഗോളപരമായ ശ്രമങ്ങളിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങൾ മനുഷ്യക്കടത്ത് ഇരകൾക്ക് പരിചരണവും പുനരധിവാസ സേവനങ്ങളും നൽകുന്നുണ്ട്. “ഈവാഅ’ ഷെൽട്ടറുകൾ, ദുബൈ ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ, അബൂദബി ഷെൽട്ടർ ആൻഡ് ഹ്യൂമാനിറ്റേറിയൻ കെയർ സെന്റർ, ഷാർജയിലെ വിമൻ പ്രൊട്ടക്ഷൻ സെന്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുള്ള 2006-ലെ ഫെഡറൽ നിയമം കുറ്റവാളികൾക്കുള്ള ശിക്ഷകൾ കർശനമാക്കുകയും ഇരകൾക്കുള്ള സംരക്ഷണ സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. കുറഞ്ഞത് അഞ്ച് വർഷം തടവും ഒരു ദശലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുള്ള 2006-ലെ ഫെഡറൽ നിയമം കുറ്റവാളികൾക്കുള്ള ശിക്ഷകൾ കർശനമാക്കുകയും ഇരകൾക്കുള്ള സംരക്ഷണ സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. കുറഞ്ഞത് അഞ്ച് വർഷം തടവും ഒരു ദശലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
---- facebook comment plugin here -----