Uae
യു എ ഇ പ്രസിഡന്റ് സലാലയിൽ
സലാല റോയൽ എയർപോർട്ടിൽ വെച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് അദ്ദേഹത്തെ സ്വീകരിച്ചു.

അബൂദബി | യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ സൗഹൃദ സന്ദർശനത്തിനായി ഒമാനിലെ സലാലയിലെത്തി. സലാല റോയൽ എയർപോർട്ടിൽ വെച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് അദ്ദേഹത്തെ സ്വീകരിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്്യാൻ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു. ഒമാൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.
തുടർന്ന് ഇരു ഭരണാധികാരികളും അൽ ഹുസ്ൻ പാലസിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധങ്ങളും സഹകരണവും ചർച്ച ചെയ്തു. പൊതുതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും വേണ്ടിയുള്ള സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അവർ സംസാരിച്ചു.