Connect with us

Ongoing News

ഗസ്സയിലേക്കുള്ള യു എ ഇ മാനുഷിക സഹായ കപ്പല്‍ നാളെ പുറപ്പെടും

ഭക്ഷണ സാധനങ്ങള്‍, കൂടാരങ്ങള്‍, ദുരിതാശ്വാസ കിറ്റുകള്‍, വസ്ത്രങ്ങള്‍, മെത്തകള്‍, ശുചിത്വ കിറ്റുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയ്ക്കു പുറമെ ഒരു ഫീല്‍ഡ് ആശുപത്രിയും കപ്പലിലുണ്ട്.

Published

|

Last Updated

അബൂദബി | യു എ ഇയില്‍ നിന്ന് ഗസ്സയിലേക്കുള്ള മാനുഷിക സഹായ കപ്പല്‍ നാളെ പുറപ്പെടും. അവശ്യ സാധനങ്ങളുമായുള്ള യു എ ഇയുടെ എട്ടാമത്തെ കപ്പല്‍ ഖലീഫ തുറമുഖത്ത് തയ്യാറായിട്ടുണ്ട്. ജൂലൈ 16നാണ് കപ്പല്‍ നിറയ്ക്കാന്‍ തുടങ്ങിയത്. ഭക്ഷണ സാധനങ്ങള്‍, കൂടാരങ്ങള്‍, ദുരിതാശ്വാസ കിറ്റുകള്‍, വസ്ത്രങ്ങള്‍, മെത്തകള്‍, ശുചിത്വ കിറ്റുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗസ്സയുടെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്ന ഒരു ഫീല്‍ഡ് ആശുപത്രിയും ഇതിലുണ്ട്.

‘ഓപറേഷന്‍ ശിവാലറസ് നൈറ്റ് 3’ ന്റെ ഭാഗമായ എട്ടാമത്തെ ദൗത്യം ഈജിപ്തിലെ അല്‍ അരിശ് തുറമുഖത്ത് നങ്കൂരമിടും. ഈജിപ്ഷ്യന്‍ തുറമുഖത്ത് എത്താന്‍ 14 ദിവസമെടുക്കുമെന്ന് ദുരിതാശ്വാസ പ്രവര്‍ത്തന കോര്‍ഡിനേറ്റര്‍ മഹ്മൂദ് അല്‍ അഫരി പറഞ്ഞു. ‘അവിടെ, ഗസ്സ മുനമ്പില്‍ ട്രക്കുകള്‍ വഴി കരയിലൂടെ സഹായമെത്തിക്കുന്ന ഒരു രക്ഷാസംഘം ഞങ്ങള്‍ക്കുണ്ട്.’- അദ്ദേഹം വ്യക്തമാക്കി.

ഇമാറാത്തി റെഡ് ക്രസന്റ്, ഖലീഫ ഫൗണ്ടേഷന്‍, സായിദ് ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, ദാര്‍ അല്‍ ബിര്‍ സൊസൈറ്റി, അജ്മാന്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍, അല്‍ ഇഹ്സാന്‍ ചാരിറ്റി അസോസിയേഷന്‍, അല്‍ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷന്‍, റാസ് അല്‍ ഖൈമ ആസ്ഥാനമായുള്ള അല്‍ ഖാസിമി ഫൗണ്ടേഷന്‍ എന്നിവ ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നു.

ഉപ്പുവെള്ളം നീക്കം ചെയ്യല്‍ പദ്ധതി
ഗസ്സയില്‍ ജനങ്ങളെ സഹായിക്കുന്നതിനായി യു എ ഇ സ്ഥാപിച്ച ഏറ്റവും വലിയ ഉപ്പുവെള്ളം നീക്കം ചെയ്യല്‍ പദ്ധതി ബുധനാഴ്ച ആരംഭിച്ചു. ഈജിപ്തില്‍ സ്ഥാപിച്ച ഉപ്പുവെള്ളം നീക്കം ചെയ്യല്‍ പ്ലാന്റിനെ ഖാന്‍ യൂനിസിനും റാഫ ഗവര്‍ണറേറ്റുകള്‍ക്കും ഇടയിലുള്ള തെക്കന്‍ ഗസ്സയിലെ ഒരു പ്രദേശവുമായി പൈപ്പ്‌ലൈന്‍ വഴി ബന്ധിപ്പിക്കും. ഇതിലൂടെ ഏകദേശം ആറുലക്ഷം നിവാസികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ പ്രതിദിനം ഒരാള്‍ക്ക് 15 ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest