Uae
ഗസ്സയിൽ പട്ടിണിയുടെ പ്രതീകമായ സലീമിന് യു എ ഇ സഹായം
ഗസ്സക്കാരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള യു എ ഇയുടെ ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 സഹായത്തിനായി രംഗത്തെത്തി. ഹൃദയവും വയറും നിറഞ്ഞ സലീം യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നന്ദി അറിയിച്ചു.

ദുബൈ| ഗസ്സയിൽ പട്ടിണിയുടെ പ്രതീകമായി എല്ലും തോലുമായ സലീം അസ്ഫറിന് യു എ ഇ ദൗത്യത്തിന്റെ സഹായം. ഇമ്പമാർന്ന ശബ്ദത്തിൽ ബാങ്ക് വിളിച്ച് ഗസ്സക്കാരുടെ ഹൃദയം കവർന്ന ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സമൂഹ മാധ്യമങ്ങളിൽ സഹതാപ തരംഗം സൃഷ്ടിച്ചിരുന്നു. കുടിയിറക്കപ്പെട്ടവരുടെ കൂടാരങ്ങൾക്കിടയിൽ, ദുർബല ശരീരവുമായി അദ്ദേഹം ഇപ്പോഴും ബാങ്ക് വിളിക്കാറുണ്ട്. ഏകദേശം രണ്ട് വർഷമായി തുടരുന്ന യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളുടെ മറ്റൊരു സാക്ഷിയാണിത്. ഈ ശബ്ദം കുറഞ്ഞു. കടുത്ത വിശപ്പ് കാരണം അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ മാറിയിട്ടുണ്ട്.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളും വൃദ്ധരും പട്ടിണിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചു. സംഘർഷഭരിതമായ എൻക്ലേവിലേക്കുള്ള മാനുഷിക പ്രവേശനം കർശനമായി നിയന്ത്രിക്കപ്പെട്ടു. ഗസ്സ മുനമ്പിൽ ഒരു ക്ഷാമ സാഹചര്യം സംജാതമായി.
വിശക്കുന്ന കുട്ടികൾ ഒഴിഞ്ഞ പാത്രങ്ങൾ പിടിച്ച് ഭക്ഷണത്തിനായി യാചിക്കുന്നതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു. പ്രായമായവരിൽ യുദ്ധത്തിന്റെ ആഘാതം അത്രയും ഗുരുതരമാണെന്ന് തെളിയിക്കപ്പെടുന്നു. ഷർട്ടിടാതെയുള്ള സലീമിന്റെ ചിത്രമാണ് ഏറെ ദുഃഖം പടർത്തിയത്. “എനിക്ക് ഭക്ഷണം കഴിക്കണം. എനിക്ക് റൊട്ടി ചവയ്ക്കാൻ പല്ലില്ല. അതിനാൽ അത് ചവച്ച് ദഹിപ്പിക്കാൻ ഞാൻ അത് വെള്ളത്തിൽ മുക്കിവയ്ക്കുന്നു. മൂന്ന് മാസമായി ഞാൻ ഇങ്ങനെയാണ് ജീവിക്കുന്നത്.’ ഗസ്സക്കാരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള യു എ ഇയുടെ ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 സഹായത്തിനായി രംഗത്തെത്തി. ഹൃദയവും വയറും നിറഞ്ഞ സലീം യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന് നന്ദി അറിയിച്ചു.
ഗസ്സയിലേക്ക് 214 ട്രക്കുകളിലായി 4,565 ടൺ അവശ്യവസ്തുക്കളെത്തിച്ചു
അബൂദബി|ഫലസ്തീൻ ജനതക്ക് യു എ ഇയുടെ മാനുഷിക സഹായമായി 214 ട്രക്കുകളിലായി 4,565 ടൺ സഹായം കൂടി. ഈജിപ്തിലെ റാഫാ അതിർത്തി വഴി ചരക്ക് ഗസ്സയിലെത്തിച്ചു. “ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3′ എന്ന മാനുഷിക പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സഹായങ്ങൾ.
സഹായം കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഈജിപ്തിലെ അൽ അരീഷിലുള്ള ഒരു ഇമാറാത്തി മാനുഷിക സഹായ സംഘം മേൽനോട്ടം വഹിക്കുന്നുണ്ട്. ദുരിതത്തിലായ പലസ്തീനികളുടെ ദുരിതാവസ്ഥ ലഘൂകരിക്കുന്നതിനും ദുർബലരായ ആളുകൾക്ക് ആവശ്യമായ സാധനങ്ങൾ നൽകുന്നതിനും സഹായകമാണ് യു എ ഇയുടെ നിലപാട്.