Uae
യു എ ഇ ജെൻഡർ ബാലൻസ് കൗൺസിൽ പുനഃസംഘടിപ്പിച്ചു
തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ദുബൈ| യു എ ഇ ജെൻഡർ ബാലൻസ് കൗൺസിൽ പുനഃസംഘടിപ്പിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൗൺസിലിന്റെ പ്രവർത്തനം വികസിപ്പിക്കാനും സർക്കാർ, സ്വകാര്യ മേഖലകളിലെ ലിംഗസമത്വത്തിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന നിയമനിർമാണം, നിയന്ത്രണ ചട്ടക്കൂടുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ അതിന്റെ റോളുകൾ വർധിപ്പിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.
ഈ മേഖലയിൽ യു എ ഇ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി പുറത്തിറക്കിയ 2025-ലെ ജെൻഡർ ഇക്വാളിറ്റി ഇൻഡെക്‌സിൽ യു എ ഇ ആഗോളതലത്തിൽ 13-ാം സ്ഥാനത്തെത്തുകയും പ്രാദേശികമായി ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു. 2018-ലെ അതേ സൂചികയിൽ 49-ാം സ്ഥാനത്തായിരുന്നിടത്ത് നിന്നാണ് ഈ കുതിച്ചുചാട്ടം. ലോകബേങ്കിന്റെ 2024-ലെ വുമൺ, ബിസിനസ്, ലോ റിപ്പോർട്ട് പ്രകാരം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ യു എ ഇ ഒന്നാം സ്ഥാനത്താണ്. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2024-ലെ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് പ്രകാരം പാർലിമെന്റിൽ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ യു എ ഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്.
വൈസ് പ്രസിഡന്റ്ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്്യാന്റെ പത്‌നിയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും കാര്യാലയം അധ്യക്ഷയുമായ ശൈഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം കൗൺസിൽ അധ്യക്ഷയായി തുടരും. മോന ഗാനിം അൽ മർറിയെ ഉപാധ്യക്ഷയായും തിരഞ്ഞെടുത്തിട്ടുണ്ട്.
“യു എ ഇയെ ലോകത്തിന് മാതൃകയാക്കി മാറ്റി’. ലിംഗസമത്വത്തെ ഒരു ദേശീയ മുൻഗണനയായും സുസ്ഥിര വികസനത്തിന്റെ പ്രധാന തൂണായും കാണുന്നതിനുള്ള യു എ ഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയെ ശൈഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രശംസിച്ചു. തുടർച്ചയായ ഈ പിന്തുണയുടെ ഫലമായാണ് യു എ ഇ ഈ സുപ്രധാന വിഷയത്തിൽ മുൻനിര രാജ്യങ്ങളുടെ ഇടയിലേക്ക് ഉയർന്നതും പ്രാദേശികമായും ആഗോളതലത്തിലും ഒരു മാതൃകാപരമായ അനുഭവമായി മാറിയതും. അവർ പറഞ്ഞു.