Uae
നെതന്യാഹുവിന്റെ പ്രസ്താവനകളെ അപലപിച്ച് യു എ ഇ
ഖത്വറിന് പൂർണ പിന്തുണ

അബൂദബി|ഖത്വറിനെതിരെ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസ്താവനകളെ യു എ ഇ ശക്തമായി അപലപിച്ചു. ദോഹക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം ഖത്വറിന് പൂർണ പിന്തുണ നൽകുമെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഖത്വറിന്റെ സുരക്ഷയും സ്ഥിരതയും ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണം മുഴുവൻ ഗൾഫ് സുരക്ഷാ സംവിധാനത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഖത്വറിനെതിരെ ഇസ്റാഈലിന്റെ ഭീഷണികൾ പൂർണമായും തള്ളിക്കളയുന്നതായി യു എ ഇ വ്യക്തമാക്കി. പ്രകോപനപരവും ആക്രമണോത്സുകവുമായ ഈ സമീപനം സ്ഥിരത കൈവരിക്കുന്നതിനുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്നും മേഖലയെ അപകടകരമായ വഴികളിലേക്ക് നയിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
---- facebook comment plugin here -----