Connect with us

Kerala

മൂന്നാറില്‍ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്

Published

|

Last Updated

തൊടുപുഴ|മൂന്നാര്‍ കാണാനെത്തിയ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. കേരളത്തിലെ മൂന്നാര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും പോലീസില്‍ നിന്നും നേരിട്ട ദുരനുഭവമായിരുന്നു ജാന്‍വി വിഡിയോയില്‍ പങ്കുവച്ചത്.

ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ജാന്‍വിയുടെ വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഎസ്‌ഐ സാജു പൗലോസിനും ഗ്രേഡ് എസ്‌ഐ ജോര്‍ജ് കുര്യനുമെതിരെയാണ് നടപടി സ്വീകരിച്ചത്.

 

---- facebook comment plugin here -----

Latest