National
ജാര്‍ഖണ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ പിടിയില്‍
യുഎപിഎ, ഐപിസി വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

റാഞ്ചി| ജാര്‍ഖണ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. ഗോഡ്ഡ, ഹസാരിബാഗ് ജില്ലകളില്‍ സംസ്ഥാന പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പിടിയിലായവരില്‍ എംഡി ആരിസ് ഹുസൈന്‍ ഗോഡ്ഡ ജില്ലയിലെ അസന്‍ബാനി പ്രദേശത്തെ താമസക്കാരനാണ്. ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായി എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹസാരിബാഗിലെ പെലാവല്‍ പ്രദേശത്ത് വെച്ചാണ് രണ്ടാമന്‍ നസീമിനെ പിടികൂടിയത്. ആദ്യം അറസ്റ്റിലായ ഹുസൈന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഐഎസുമായും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റ് നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായും തനിക്ക് ബന്ധമുണ്ടെന്ന് ഹുസൈന്‍ സമ്മതിച്ചിട്ടുണ്ടെന്ന് എടിഎസ് അറിയിച്ചു. ജിഹാദ്, ഐസിസ് ആശയങ്ങള്‍ അടങ്ങുന്ന രണ്ട് പുസ്തകങ്ങള്‍ നസീം ഹുസൈന് അയച്ചുകൊടുത്തിരുന്നതായും എടിഎസ് കണ്ടെത്തി.
യുഎപിഎ, ഐപിസി വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും എടിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി.