Kerala
അടച്ചിട്ട വീടുകളില്‍ മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍
പ്രതികള്‍ക്കെതിരേ വിവിധ ജില്ലകളില്‍ കേസുകള്‍.

പത്തനംതിട്ട | അടച്ചിട്ട വീടുകളില്‍ നിന്നും മോഷണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തിരുവല്ല തുകലശ്ശേരി പൂമംഗലം വീട്ടില്‍ പി എസ് ശരത്ത് (39), കൊല്ലം ഇരവിപുരം അയത്തില്‍ ജി അനില്‍ കുമാര്‍ (42) എന്നിവരാണ് അറസ്റ്റിലായത്.
ഈമാസം 16ന് വൈകീട്ടാണ് ചെന്നീര്‍ക്കര മത്തങ്ങാമുക്ക് കൊച്ചുമേമുറിയില്‍ ഒരേ വളപ്പിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബന്ധുക്കളായവരുടെ വീടുകളില്‍ മോഷണം നടത്തിയത്. ഇരു വീടുകളില്‍ നിന്നുമായി ശുചിമുറിയിലെയും വാഷ്ബേസിനിലെയും പിത്തള ടാപ്പുകളും ഹാളിലിരുന്ന ഒരു പൂപ്പാത്രവും സ്റ്റോറില്‍ നിന്നും ഓട്ടുരുളിയും ചെമ്പു കുട്ടകവുമാണ് മോഷണം പോയത്.
വീട്ടുകാരുടെ പരാതിയില്‍ ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ്കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. വിരലടയാള വിദഗ്ധരെയും ഡോഗ് സ്‌ക്വാഡിനെയും പോലീസ് ഫോട്ടോഗ്രാഫറെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണം ഉള്‍പ്പെടെയുള്ള നാല് കേസുകളിലും, വാകത്താനം, കോട്ടയം ഈസ്റ്റ്, കോയിപ്പുറം പോലീസ് സ്റ്റേഷനുകളിലെ ഓരോ മോഷണ കേസുകളിലും ശരത്ത് ഉള്‍പ്പെട്ടിട്ടുണ്ട്. ചങ്ങനാശ്ശേരി ചിങ്ങവനം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് അനില്‍കുമാര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ എസ് ഐ. ഉണ്ണികൃഷ്ണന്‍, എസ് സി പി ഒമാരായ ശ്രീരാജ്, രാകേഷ്, രാജന്‍, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്.