National
ചോട്ടാ ഷക്കീലിന്റെ രണ്ട് കൂട്ടാളികള്‍ അറസ്റ്റില്‍
മുംബൈയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഡി കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും തീവ്രവാദ ധനസാഹായം കൈകാര്യം ചെയ്യുന്നതിലും ഇരുവരും പങ്കാളികളായിരുന്നുവെന്ന് മുതിര്‍ന്ന എന്‍ ഐ എ ഉദ്യോഗസ്ഥന്‍ പറഞ്ഞു

മുംബൈ| ചോട്ടാ ഷക്കീല്‍ സംഘത്തിലെ രണ്ട് പേരെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ദാവൂദ് സംഘത്തിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന അന്വേഷണ നടപടിയുടെ ഭാഗമായാണ് അറസ്റ്റ്. ആരിഫ് അബൂബക്കര്‍ ഷെയ്ഖ്(59) ശബീര്‍ അബൂബക്കര്‍ ഷെയ്ഖ്(51) എന്നിവരാണ് പിടിയിലായത്.
മുംബൈയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഡി കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും തീവ്രവാദ ധനസാഹായം കൈകാര്യം ചെയ്യുന്നതിലും ഇരുവരും പങ്കാളികളായിരുന്നുവെന്ന് മുതിര്‍ന്ന എന്‍ ഐ എ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുവരെയും ഇന്ന് എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
അതിര്‍ത്തിക്കപ്പുരമുള്ള ദാവൂദ് സംഘമാണ് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഈ ആഴ്ച ആദ്യം മുംബൈ കമ്മീഷണറേറ്റിലെ 24 സ്ഥലങ്ങളിലും മീരാ റോഡ് ഭയന്ദര്‍ കമ്മീഷണറേറ്റിലെ അഞ്ച് സ്ഥലങ്ങളിലും എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങള്‍,റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട രേഖകള്‍, പണം, തോക്ക് തുടങ്ങിയ ധാരാളം തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. ഇവ കണ്ടെടുത്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരി മൂന്നിന് എന്‍ ഐ എ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് മുംബൈയിലും സമീപ ജില്ലകളിലുമായി 29 സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.